മിയാമി: അമേരിക്കയിലെ മിയാമി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി വാഹനങ്ങളിൽ ഇടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും രണ്ട് പേരെ കുറഞ്ഞ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മിയാമി-ഡേഡ് കൗണ്ടി അധികൃതർ അറിയിച്ചു.
പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നിന്ന് എത്തിയ കാർഗോ വിമാനം ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിന് പിന്നാലെ റൺവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം സമീപത്തുണ്ടായിരുന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. തുടർന്ന് വിമാനത്തിന് തീപിടിച്ചതോടെ വൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.
മരിച്ചവരിൽ വിമാനത്തിലുണ്ടായിരുന്നവരാണോ അപകടത്തിൽപ്പെട്ട വാഹനങ്ങളിലുണ്ടായിരുന്നവരാണോ ഉൾപ്പെടുന്നതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് പൈലറ്റും സഹപൈലറ്റും കോക്പിറ്റിനുള്ളിൽ കുടുങ്ങിയിരുന്നു. വിമാനം ഇടിച്ച വാഹനങ്ങളിലും ആളുകൾ കുടുങ്ങിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഒരാൾ വാഹനത്തിനടിയിലും കുടുങ്ങിയിരുന്നു.
വിമാനത്തിൽനിന്നുള്ള ഇന്ധന ചോർച്ചയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. അഗ്നിശമനസേനയും രക്ഷാപ്രവർത്തകരും മണിക്കൂറുകളോളം സ്ഥലത്ത് പ്രവർത്തിച്ചു. അപകടത്തിൽപ്പെട്ട വിമാനം 21 Air എന്ന നോർത്ത് കരോലിന ആസ്ഥാനമായ കാർഗോ കമ്പനിയാണ് പ്രവർത്തിപ്പിച്ചിരുന്നത്. 32 വർഷം പഴക്കമുള്ള ബോയിങ് 767 വിമാനമാണിത്. ആദ്യം യാത്രാവിമാനമായി നിർമിച്ച വിമാനം 2015ൽ കാർഗോ വിമാനമായി മാറ്റുകയായിരുന്നു.
അപകടത്തെ തുടർന്ന് മിയാമി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഞായറാഴ്ച വൈകിട്ടോടെ ഏകദേശം 250 വിമാനങ്ങൾ വൈകിയതായി ഫ്ലൈറ്റ് എവെയർ കണക്കുകൾ വ്യക്തമാക്കുന്നു. അടിയന്തര രക്ഷാപ്രവർത്തനവും വിമാനത്തിൽനിന്നുള്ള ഇന്ധന ചോർച്ച കൈകാര്യം ചെയ്യുന്നതും തുടരുന്നതിനാലാണ് വിമാനത്താവള പ്രവർത്തനങ്ങളെ അപകടം ബാധിച്ചത്.
അപകടത്തിന്റെ കാരണം കണ്ടെത്താൻ യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അന്വേഷണ സംഘത്തെ മിയാമിയിലേക്ക് അയക്കും. എൻടിഎസ്ബി ചെയർവുമൺ ജെന്നിഫർ ഹോമൻഡിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. വിമാനം, റൺവേ, കാലാവസ്ഥ ഉൾപ്പെടെയുള്ള അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്നിവ അന്വേഷണ സംഘം പരിശോധിക്കും.