വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണമെന്ന നിർദേശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് നിലവിൽ അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ അവകാശപ്പെട്ടു.
‘ഇപ്പോൾ ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ നിയന്ത്രണത്തിലായതിനാൽ, അതിന്റെ പേര് ട്രംപ് കടലിടുക്ക് എന്ന് മാറ്റണോ?’ എന്നായിരുന്നു ട്രംപിന്റെ ചോദ്യം. ഇതോടെ കടലിടുക്ക് എന്നത്തേക്കാളും ‘ചൂടേറിയതായിരിക്കുമെന്നും’ അദ്ദേഹം പരിഹസിച്ചു.
ഹോർമുസിന്റെ നിയന്ത്രണത്തെച്ചൊല്ലി ഇറാനും യുഎസും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പരാമർശം. ഹോർമുസിനെ അമേരിക്കൻ ടെറിട്ടറിയാക്കുമെന്നും യുദ്ധത്തിൽ ഇറാൻ പരാജയപ്പെടുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അന്ന് ഹോർമുസിന്റെ പേര് ‘അമേരിക്കൻ കടലിടുക്ക്’ എന്നാക്കുമെന്നായിരുന്നു ട്രംപിന്റെ പരാമർശം.
അതിനിടെ, ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. തുറമുഖ നഗരമായ ബന്ദർ അബ്ബാസിന്റെ കിഴക്കൻ മേഖലയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ അറിയിച്ചു. ഇറാനിലെ ഐആർജിസി കേന്ദ്രങ്ങൾക്കെതിരെ ആക്രമണം ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡും വ്യക്തമാക്കി.















