ഇന്ത്യ-ഫ്രാന്‍സ് ബന്ധം പുതിയ ഉയരങ്ങളില്‍; പാരീസ് ക്ഷേത്രം സാംസ്‌കാരിക സൗഹൃദത്തിന്റെ പ്രതീകമാകുമെന്ന് പ്രധാനമന്ത്രി മോദി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സാംസ്‌കാരിക-രാഷ്‌ട്രീയ ബന്ധമാണ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ശക്തമായ അടിത്തറയെന്നും മോദി പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചേര്‍ന്ന് ഇന്ത്യയും ഫ്രാന്‍സും പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സാങ്കേതികവിദ്യ, നിര്‍മിതബുദ്ധി, പ്രതിരോധം, ബഹിരാകാശം, കാലാവസ്ഥാ പ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും പുതിയ ഊര്‍ജത്തോടെയും വേഗത്തിലും മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

2026 ഇന്ത്യ-ഫ്രാന്‍സ് നവീകരണ വര്‍ഷമായി ആചരിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സംരംഭ സാധ്യതകളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പാരീസിലെ പുതിയ ക്ഷേത്രം ബന്ധങ്ങള്‍ക്ക് മറ്റൊരു മാനം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സില്‍ ഇന്ത്യന്‍ സൈനികര്‍ നടത്തിയ ത്യാഗങ്ങള്‍ ഇന്നും ജനങ്ങളുടെ മനസില്‍ നിലനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫ്രഞ്ച് പണ്ഡിതര്‍ സംസ്‌കൃതത്തിന്റെ പ്രചാരണത്തില്‍ വഹിച്ച പങ്കും അദ്ദേഹം അനുസ്മരിച്ചു. രാമകൃഷ്ണ പരമഹംസനെയും സ്വാമി വിവേകാനന്ദനെയും കുറിച്ച് റോമെയ്ന്‍ റൊളാന്‍ഡ് എഴുതിയ കൃതികള്‍ ഇന്ത്യയിലെയും ഫ്രാന്‍സിലെയും സമൂഹങ്ങളെ കൂടുതല്‍ അടുപ്പിച്ചെന്നും മോദി പറഞ്ഞു.

പാരീസില്‍ നിന്ന് പുതുച്ചേരിയിലെ ശ്രീ അരവിന്ദ ആശ്രമത്തിലേക്കുള്ള ‘ദ മദര്‍’ എന്നറിയപ്പെടുന്ന മീര അല്‍ഫാസയുടെ ആത്മീയ യാത്രയും ഇരു രാജ്യങ്ങളിലെയും ആത്മീയ ബന്ധത്തിന് പ്രചോദനമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീല പ്രഭുപാദ സ്വാമിയുടെ ഫ്രാന്‍സ് സന്ദര്‍ശനവും ഇസ്‌കോണ്‍ വഴിയുള്ള ആത്മീയ ബന്ധത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമിട്ടതായി പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ ഈഫല്‍ ടവറിന് മുന്നിലെ യോഗാ ദൃശ്യങ്ങള്‍ ഫ്രാന്‍സിലെ യോഗയുടെ ജനപ്രീതിയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാരീസിലെ ബാപ്‌സ് സ്വാമിനാരായണ്‍ ക്ഷേത്രം ഇന്ത്യഫ്രാന്‍സ് ബന്ധത്തിന് പുതിയൊരു dimension നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘മെയ്ഡ് ഇന്‍ ഇന്ത്യ, ബില്‍റ്റ് ഇന്‍ ഫ്രാന്‍സ്’ എന്നതാണ് ക്ഷേത്രത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി ഇന്ത്യയില്‍ കൊത്തിയെടുത്ത നിരവധി കല്ലുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇതിലൂടെ ഇന്ത്യയുടെ പുരാതന കരകൗശല പാരമ്പര്യവും ഫ്രാന്‍സിലെ ആധുനിക എന്‍ജിനീയറിങ്ങും സമന്വയിക്കുന്നുവെന്നും മോദി പറഞ്ഞു. പാരീസിലെ ഈ ക്ഷേത്രം നൂറ്റാണ്ടുകളോളം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും അവസരങ്ങളുടെയും പ്രതീകമായി നിലനില്‍ക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ക്ഷേത്രത്തില്‍ നിന്ന് ഉയരുന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ യൂറോപ്പിലുടനീളമുള്ള ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Share
Published by
ജനം വെബ്‌ഡെസ്ക്