‘ശരിയത്ത് കോടതി’ക്ക് പൂട്ടിട്ട് മുംബൈ ചാരിറ്റി കമ്മീഷണർ; മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; ‘മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: ശരിയത്ത് കോടതിയായി പ്രവർത്തിച്ചിരുന്ന ജോഗേശ്വരിയിലെ ചാരിറ്റബിൾ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ മുംബൈ ഡെപ്യൂട്ടി ചാരിറ്റി കമ്മീഷണർ റദ്ദാക്കി. മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ എന്ന ട്രസ്റ്റിനെതിരെയാണ് നടപടി.  വിവാഹബന്ധം റദ്ദാക്കുന്നതടക്കം നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ട്രസ്റ്റ് ഏർപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് രജിസ്ട്രേഷൻ റദ്ദാക്കിയത്.

മൗലാന അബ്ദുൽ ഹുസൈൻ റാഹി ഖാസിയുടെ നേതൃത്വത്തിലാണ് ട്രസ്റ്റ് പ്രവർത്തിച്ചിരുന്നത്. ക്രോഫോർഡ് മാർക്കറ്റ് സ്വദേശിനി റിസ്‌വാന അഫ്‌സൽ ഷെയ്ഖ് നൽകിയ പരാതിയിലാണ് നടപടി. ഭർത്താവ്  ശരിയത്ത് കോടതി വഴി വിവാഹമോചനം നേടാൻ ശ്രമിച്ചതിനെ തുടർന്നാണ് റിസ്‌വാന പരാതി നൽകിയത്.

‘ മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?
മുത്തലാഖ് നിയമവിരുദ്ധമാക്കിയതിന് പിന്നാലെ ചിലർ വിവാഹമോചനത്തിനായി സ്വയം പ്രഖ്യാപിത ഖാസിമാരുടെ സേവനം തേടുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഫീസ് വാങ്ങി വേഗത്തിൽ വിവാഹമോചന ഉത്തരവുകൾ നൽകുന്ന ‘എക്സ്ട്രാ-ജുഡീഷ്യൽ കോടതികൾ’ നഗരത്തിൽ പ്രവർത്തിക്കുന്നതായി വിമർശനമുണ്ട്.

ഭാരതീയ മുസ്ലിം മഹിള ആന്ദോളൻ സഹസ്ഥാപകയും മുത്തലാഖ് കേസിൽ സുപ്രീം കോടതിയിലെ ഹർജിക്കാരിൽ ഒരാളുമായ നൂർജഹാൻ സഫിയ നിയാസ്, പുരുഷന്മാർ ശരിയത്ത് കോടതികളെ കൂടുതലായി സമീപിക്കുന്നതായി ആരോപിച്ചു.

തലാഖ് നിരോധിക്കുന്ന നിയമം മാത്രം മതിയാകില്ലെന്നും മുസ്ലിം വ്യക്തിനിയമങ്ങൾ നിയമപരമായി ക്രോഡീകരിക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. അല്ലാത്തപക്ഷം തലാഖിന്റെ മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് സ്ത്രീകളെ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

 

Share
Published by
ജനം വെബ്‌ഡെസ്ക്