തിരുവനന്തപുരം: ചിറയിൻകീഴിലെ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അച്ചടക്ക നടപടി നേരിട്ട പാളയം പ്രദീപിനെ തന്റെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റായി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എംഎൽഎ. നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ ഇതുസംബന്ധിച്ച് എംഎൽഎ കത്ത് നൽകി.
2026 മെയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ പാളയം പ്രദീപിന് നിയമനം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ചിറയിൻകീഴിലുണ്ടായ സംഘർഷത്തെ തുടർന്ന് കെപിസിസി അച്ചടക്ക നടപടി സ്വീകരിച്ച വ്യക്തിയാണ് പാളയം പ്രദീപ്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രദീപിനെ തന്റെ പി എ ആയി നിയമിക്കണമെന്ന ആവശ്യവുമായി രമ്യ ഹരിദാസ് രംഗത്തെത്തിയത്.
പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ എതിർപ്പുകൾ നിലനിൽക്കെയാണ് രമ്യ ഹരിദാസ് നിയമനത്തിനായി നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്. ഇതേ ആവശ്യവുമായി നേരത്തെ എംഎൽഎ സ്പീക്കറുടെ ഓഫീസിനെയും സമീപിച്ചിരുന്നു. എന്നാൽ എംഎൽഎമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകൾ നൽകേണ്ടത് നിയമസഭാ സെക്രട്ടറിക്കാണെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത്.
അതേസമയം, ചിറയിൻകീഴ് സംഘർഷവുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ സമിതിക്ക് മുന്നിൽ രമ്യ ഹരിദാസ് നേരിട്ട് ഹാജരായിരുന്നില്ല. എം എം ഹസൻ അധ്യക്ഷനായ സമിതിക്ക് മുന്നിൽ നേരിട്ട് എത്താതിരുന്ന രമ്യ, പാലക്കാട്ടെത്തി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
രമ്യ ഹരിദാസ് ഡൽഹിയിലായിരുന്നതിനാൽ ഫോണിലൂടെയാണ് മൊഴിയെടുത്തതെന്ന് അന്വേഷണ സമിതി അധ്യക്ഷൻ എം എം ഹസൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ഉയർന്നതിനെ തുടർന്ന്, ഡൽഹിയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നെങ്കിലും അസുഖത്തെ തുടർന്ന് യാത്ര റദ്ദാക്കുകയായിരുന്നുവെന്ന് രമ്യ ഹരിദാസ് പിന്നീട് വിശദീകരിച്ചിരുന്നു.
ഇതിനിടെയാണ് അച്ചടക്ക നടപടി നേരിട്ട പാളയം പ്രദീപിനെ തന്റെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റായി നിയമിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുന്നത്. പ്രദീപിന് മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്ന ആവശ്യം കൂടിയുള്ളതിനാൽ, രമ്യയുടെ പുതിയ നീക്കം കോൺഗ്രസിനുള്ളിൽ കൂടുതൽ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചേക്കുമെന്നാണ് റിപ്പോർട്ട്.