ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കാൻ പുതിയ നീക്കം. റഷ്യയുടെ ആർവിഎവി-ബിഡി (RVV-BD) ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ സുഖോയ്-30 എംകെഐയിൽ സംയോജിപ്പിക്കുന്ന നിർദേശമാണ് പ്രതിരോധ മന്ത്രാലയം പരിഗണിക്കുന്നത്. ഏകദേശം 300 കിലോമീറ്റർ ദൂരപരിധിയിൽ ആകാശലക്ഷ്യങ്ങളെ നേരിടാൻ ശേഷിയുള്ള മിസൈലുകളാണ് ഇവയെന്നാണ് റിപ്പോർട്ടുകൾ.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ഇക്കാര്യം റഷ്യൻ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാൻ സാധ്യതയുണ്ടെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വ്യോമസേനയുടെ ദീർഘദൂര എയർ-ടു-എയർ ശേഷി വർധിപ്പിക്കുകയാണ് നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പാകിസ്ഥാൻ വ്യോമസേന ഉപയോഗിക്കുന്ന ചൈനീസ് നിർമിത PL-15 ബിയോണ്ട് വിഷ്വൽ റേഞ്ച് (BVR) മിസൈലുകളെ നേരിടാൻ ശേഷി വർധിപ്പിക്കുകയാണ് ഇന്ത്യൻ വ്യോമസേന ലക്ഷ്യമിടുന്നത്.
ആർവിഎവി മിസൈൽ കുടുംബത്തിൽ ആർവിഎവി-എംഡി, ആർവിഎവി-എഇ/ആർവിഎവി-എസ്ഡി, ആർവിഎവി-ബിഡി എന്നീ വിഭാഗങ്ങളുണ്ട്. ഇതിൽ ദീർഘദൂര ആർവിഎവി-ബിഡി മിസൈലുകളാണ് സുഖോയ്-30 എംകെഐയിൽ സംയോജിപ്പിക്കുന്നതിനായി പരിഗണിക്കുന്നത്. ഇവ സംയോജിപ്പിച്ചാൽ ദൂരപരിധി വർധിപ്പിച്ച സ്റ്റാൻഡ്-ഓഫ് ആക്രമണശേഷി ഇന്ത്യൻ വ്യോമസേനയ്‌ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാന ശേഖരം ആധുനികവത്കരിക്കുന്നതിനായി രണ്ട് പ്രത്യേക പദ്ധതികളും പുരോഗമിക്കുകയാണ്. ഇവ പൂർത്തിയാകുന്നതോടെ കൂടുതൽ ദൂരെയുള്ള ലക്ഷ്യങ്ങളെ കണ്ടെത്താനും ആക്രമിക്കാനും കഴിയുന്ന തരത്തിൽ വ്യോമസേനയുടെ ശേഷി ഉയരുമെന്നാണ് പ്രതീക്ഷ.