ന്യൂഡല്‍ഹി: പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്ക് തയ്യാറെടുത്ത് കേരളം. പദ്ധതിയെക്കുറിച്ചുള്ള മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാകും കേന്ദ്രവുമായി ചര്‍ച്ച നടത്തുക. പാഠ്യപദ്ധതിയില്‍ ഇടപെടരുതെന്നും പിഎംശ്രീ സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അധികാരം സംസ്ഥാനത്തിന് നല്‍കണമെന്നുമാണ് കേരളം മുന്നോട്ടുവയ്‌ക്കുന്ന ഉപാധികള്‍. കേന്ദ്രം കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുമാണ് പുതിയ ഉപാധികളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് ഒരുങ്ങുന്നത്.
ഈ വ്യവസ്ഥകള്‍ കേന്ദ്രം അംഗീകരിച്ചാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതേസമയം, പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് കേന്ദ്രം നേരത്തെ തന്നെ വ്യക്തത നല്‍കിയിട്ടുള്ളതാണ്. പിഎംശ്രീ നടപ്പാക്കിയില്ലെങ്കില്‍ സമഗ്ര ശിക്ഷ കേരളയ്‌ക്ക് (എസ്എസ്‌കെ) ലഭിക്കേണ്ട കേന്ദ്രഫണ്ടില്‍ പ്രതിസന്ധിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി എസ്എസ്‌കെ ഡയറക്ടര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതോടെയാണ് കേന്ദ്രവുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായത്.
പിഎംശ്രീ പദ്ധതിയുടെ ഭാഗമായി സിബിഎസ്ഇ സിലബസ് നിര്‍ബന്ധമാക്കുമെന്ന പ്രചാരണങ്ങള്‍ കേന്ദ്രം നേരത്തെ തള്ളിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് സിബിഎസ്ഇയോ സംസ്ഥാന സിലബസോ തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ബ്ലോക്ക് പഞ്ചായത്തിലും രണ്ട് സ്‌കൂളുകള്‍ വീതം തെരഞ്ഞെടുക്കുന്നതിനുള്ള അധികാരവും സംസ്ഥാനങ്ങള്‍ക്കുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അതിനാല്‍ പാഠ്യപദ്ധതിയിലും സ്‌കൂള്‍ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തിന് യാതൊരു അധികാരവുമില്ലെന്ന തരത്തിലുള്ള വാദങ്ങള്‍ വസ്തുതാപരമല്ലെന്നാണ് കേന്ദ്ര നിലപാട്.
കേന്ദ്രഫണ്ട് ലഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടാകുമെന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ നിലപാടിലെ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്രം നേരത്തെ വ്യക്തമാക്കിയ കാര്യങ്ങള്‍ വീണ്ടും ഉപാധികളായി മുന്നോട്ടുവച്ച് രാഷ്‌ട്രീയ എതിര്‍പ്പ് മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം. പിഎംശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കകള്‍ പരിഹരിക്കാനുള്ള അവസരം കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെ, ഇപ്പോഴത്തെ ചര്‍ച്ച നീക്കം രാഷ്‌ട്രീയ സമ്മര്‍ദം മറികടക്കാനുള്ള ശ്രമമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
അതേസമയം, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗം എഐസിസി തീരുമാനിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് യോഗം നടന്നില്ല. ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ കൂടിക്കാഴ്ചയില്‍ പിഎംശ്രീ വിഷയം ചര്‍ച്ചയായിട്ടില്ലെന്നാണ് സൂചന. കേന്ദ്രത്തിന്റെ വിശദീകരണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പിഎംശ്രീയില്‍ പുതിയ ഉപാധികളുമായി കേരളം ചര്‍ച്ചയ്‌ക്ക് ഒരുങ്ങുന്നത്. പദ്ധതിയുടെ കാര്യത്തില്‍ ഇനി കേന്ദ്രസംസ്ഥാന ചര്‍ച്ചകള്‍ നിര്‍ണായകമാകും.