കോട്ടയത്ത് കേരള കോൺഗ്രസ് ബി പിളർന്നു; നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ

Published by
ജനം വെബ്‌ഡെസ്ക്

കോട്ടയം: കോട്ടയത്ത് കേരള കോൺഗ്രസ് ബി വിട്ട് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. ജില്ലാ ചുമതല വഹിച്ചിരുന്ന നേതാക്കൾ ഉൾപ്പെടെ നൂറോളം പ്രവർത്തകരാണ് ബിജെപിയിൽ അംഗത്വമെടുത്തത്.

കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ, ജില്ലാ ജനറൽ സെക്രട്ടറി മനോജ് പി.എ., ജില്ലാ ട്രഷറർ ലൂക്ക പി.ജെ., കെ.ടി.യു.സി (ബി) സംസ്ഥാന കമ്മിറ്റി അംഗം സുനു സി. പണിക്കർ എന്നിവരാണ് ബിജെപിയിൽ ചേർന്ന പ്രമുഖ നേതാക്കൾ.

ഇവർക്കൊപ്പം കേരള കോൺഗ്രസ് ബി യുടെ നൂറോളം പ്രവർത്തകരും ബിജെപിയിൽ അംഗത്വമെടുത്തു. കോട്ടയത്ത് നടന്ന ചടങ്ങിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ എന്നിവർ ചേർന്ന് നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിലേക്ക് സ്വീകരിച്ചു.

കേരള കോൺഗ്രസ് ബി യിലെ ജില്ലാ തലത്തിലെ പ്രമുഖ നേതാക്കളടക്കം ബിജെപിയിൽ എത്തിയതോടെ കോട്ടയത്ത് പാർട്ടിക്ക് കൂടുതൽ ശക്തി പകരുമെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ.

Share