തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഏറെ പ്രിയപ്പെട്ട മത്സ്യമാണ് ചൂര. രുചികരമായ ചൂരയെക്കുറിച്ച് പുറത്തുവന്ന പുതിയ പഠനത്തിലെ കണ്ടെത്തൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പരിശോധിച്ച 96 ശതമാനം സ്കിപ്‌ജാക് ചൂരകളിലും വിരകളുടെ സാന്നിധ്യം ഗവേഷകർ കണ്ടെത്തി
തെക്കൻ ബ്രസീൽ തീരത്ത് നിന്ന് പിടികൂടിയ സ്കിപ്‌ജാക് ചൂരകളിലാണ് പഠനം നടത്തിയത്. 53 മത്സ്യങ്ങളെ പരിശോധിച്ചപ്പോൾ 1,600 വിരകളെയാണ് കണ്ടെത്തിയത്. ‘Oceans and Coastal Research’ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തെക്കുറിച്ചുള്ള വിവരങ്ങൾ ‘ScienceAlert’ ഉൾപ്പെടെയുള്ള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ചൂരയുടെ കിഡ്നിയും ഹൃദയവും ഒഴികെയുള്ള ശരീരഭാഗങ്ങളിൽ വിരകളുടെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. മനുഷ്യർ ഭക്ഷിക്കുന്ന മാംസഭാഗത്തും പരന്ന വിരകളും ഉരുളൻ വിരകളും കണ്ടെത്തിയെന്നാണ് പഠനത്തിലെ പരാമർശം.
പാകം ചെയ്യുമ്പോൾ ഭൂരിഭാഗവും നശിക്കും
മത്സ്യം നന്നായി പാകം ചെയ്യുമ്പോൾ ഇത്തരം വിരകളിൽ ഭൂരിഭാഗവും നശിക്കുമെന്ന് ഗവേഷകർ പറയുന്നു. എങ്കിലും മത്സ്യത്തിന്റെ കൃത്യമായ പരിശോധനയും ശരിയായ സംസ്കരണവും പ്രധാനമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ചൂരയിൽ വിരകളെ കണ്ടെത്തിയെന്നത് മാത്രം വലിയ ആരോഗ്യഭീഷണിയായി കാണേണ്ടതില്ലെന്നാണ് യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ഗവേഷക ചെൽസാ വുഡിന്റെ അഭിപ്രായം. മത്സ്യങ്ങളിൽ ഇത്തരം ജീവികളുടെ സാന്നിധ്യം അവ ആരോഗ്യകരമായ പരിസ്ഥിതിയിലാണ് വളർന്നതെന്നതിന്റെ സൂചനയായും കാണാമെന്ന് അവർ പറയുന്നു. അതിനാൽ ചൂര കഴിക്കരുതെന്ന് മുന്നറിയിപ്പൊന്നും ഗവേഷകർ നൽകുന്നില്ല. മറിച്ച് മത്സ്യം വൃത്തിയായി കൈകാര്യം ചെയ്യുകയും നന്നായി പാകം ചെയ്ത് മാത്രം കഴിക്കുകയും ചെയ്യണമെന്നുമാത്രമാണ് പഠനം നിർദ്ദേശിക്കുന്നത്.