ഇടുക്കി: കുമളിയിൽ പ്ലസ്‌ടു വിദ്യാർഥിനിയായ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. കൊല്ലം പട്ടട സ്വദേശി ഗോഡ്സണെയാണ് കുമളി പൊലീസ് കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്.
ഓഗസ്റ്റ് ഒൻപതിനാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ആൺസുഹൃത്ത് അഭിരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതിനിടെ, അമ്മയുടെ സുഹൃത്തായ ഗോഡ്സൺ തന്നോട് മോശമായി പെരുമാറിയിരുന്നതായി പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇക്കാര്യം ചോദ്യം ചെയ്തതിന് പെൺകുട്ടിയുടെ അമ്മയെയും ഗോഡ്സൺ മർദിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന പെൺകുട്ടിയുടെ അമ്മ ഗോഡ്സണൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ പെൺകുട്ടി നേരിട്ട മാനസികവും ശാരീരികവുമായ പീഡനങ്ങളും ഗോഡ്സന്റെ മോശം പെരുമാറ്റവും ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ഗോഡ്സണെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെ ഇടുക്കി എസ്.പി. എ. നസീം പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഗോഡ്സൺ കൊച്ചിയിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയത്.
തുടർന്ന് കുമളി എസ്.ഐ. എം.ജി. അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലർച്ചെ കൊച്ചിയിലെത്തി ഗോഡ്സണെ പിടികൂടുകയായിരുന്നു. കുമളിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.