മുൻ നക്സലുകൾ ആത്മീയപാതയിൽ; സ്ത്രീകളടക്കം 100 ലേറെ പേർ ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിങ്  ആശ്രമത്തിലെത്തി ശ്രീശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി; മോദി സർക്കാരിന്റെ നിർണായക വിജയം; ദൃശ്യങ്ങൾ കാണാം

Published by
ജനം വെബ്‌ഡെസ്ക്

ബെംഗളൂരു: നൂറിലേറെ  മുൻ നക്സലേറ്റുകൾ ആത്മീയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നു. ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ സെന്ററിലെത്തിയ സ്ത്രീകളടക്കമുള്ള മുൻ നക്സലുകൾ  ശ്രീശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി. ആശ്രമത്തിൽ നടന്ന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ശ്രീശ്രീ രവിശങ്കർ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. “ആത്മീയ യാത്ര ആരംഭിക്കുന്നതിനായി  നൂറിലേറെ മുൻ നക്സലുകൾ ബെംഗളൂരു ആശ്രമത്തിലെത്തി,” എന്നായിരുന്നു ശ്രീശ്രീ രവിശങ്കറിന്റെ കുറിപ്പ്.

രാജ്യത്ത് ഇടതുപക്ഷ തീവ്രവാദത്തിനെതിരായ പോരാട്ടം നിർണായക ഘട്ടത്തിലെത്തിയ പശ്ചാത്തലത്തിലാണ് മുൻ നക്സലുകളുടെ ആത്മീയ ജീവിതത്തിലേക്കുള്ള മാറ്റം.   ആയുധം വെച്ച് കീഴടങ്ങിയവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങളിൽ ശ്രീശ്രീ രവിശങ്കറിൽ ആർട്ട് ഓഫ് ലിവിങ് സജീവമാണ്. ധ്യാനം, യോഗ, ശ്വസന പരിശീലനം, പെരുമാറ്റപരമായ പരിശീലനം, തൊഴിൽപരിശീലനം എന്നിവ ഉൾപ്പെടുന്ന വിപുലമായ പദ്ധതികളാണ് ഇവർക്കായി നടത്തുന്നത്.

നക്സലിസത്തിനെതിരായ സർക്കാർ നടപടികളിൽ എന്നും ശക്തമായ പിന്തുണയുമായി ശ്രീശ്രീ രവിശങ്കർ കൂടെയുണ്ടായിരുന്നു. ആയുധം ഉപേക്ഷിച്ച് ജനാധിപത്യത്തിന്റെ പാത സ്വീകരിക്കണമെന്നാണ് അദ്ദേഹം നേരത്തെ മാവോയിസ്റ്റുകളോട് ആഹ്വാനം ചെയ്തിരുന്നു.

ആത്മീയ ഇടപെടലിലൂടെ അക്രമം അവസാനിപ്പിക്കാനുള്ള ശ്രീശ്രീ രവിശങ്കറിന്റെ ശ്രമങ്ങൾ ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല. കൊളംബിയയിലെ ഫാർക്ക് വിമത നേതാക്കളുമായി 2015ൽ ഹവാനയിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

അക്രമം ഉപേക്ഷിച്ച് ഗാന്ധിയൻ അഹിംസയുടെ പാത സ്വീകരിക്കണമെന്ന് അദ്ദേഹം ഫാർക്ക് നേതാക്കളോട് ആവശ്യപ്പെട്ടു. തുടർന്ന് ഫാർക്ക് ഏകപക്ഷീയ വെടിനിർത്തൽ പ്രഖ്യാപിക്കുകയും 2016ൽ ചരിത്രപരമായ സമാധാന കരാർ നിലവിൽ വരികയും ചെയ്തു. ശ്രീശ്രീ രവിശങ്കറിന്റെ സംഭാവനയെ കൊളംബിയൻ പ്രസിഡന്റ് ജുവാൻ മാനുവൽ സാന്റോസ് പരസ്യമായി അംഗീകരിക്കുകയും രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിക്കുകയും ചെയ്തിരുന്നു.

 

Share