ടൊറന്റോ(കാനഡ): ആശയവിനിമയത്തെ അര്‍ത്ഥവത്താക്കിയ ഒത്തുചേരലായിരുന്നു ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ടായതെന്ന് കാനഡയിലെ ഹിന്ദു സിഖ് യൂണിറ്റി ഫോറം. ആര്‍എസ്എസിനെക്കുറിച്ചും ഹിന്ദു-സിഖ് ബന്ധങ്ങളെക്കുറിച്ചും പലപ്പോഴും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളും ആശങ്കകളും ഉള്‍പ്പെടെ എല്ലാം അങ്ങേയറ്റം തുറന്ന മനസോടെ അദ്ദേഹവുമായി സംവദിക്കാനായി. ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും പ്രതികരിക്കുകയും ചെയ്ത ഡോ. മോഹന്‍ ഭാഗവതിന്റെ സംഭാഷണ രീതി എല്ലാത്തരം തെറ്റിദ്ധാരണകളെയും നീക്കുന്നതായിരുന്നുവെന്ന് ഫോറം ചൂണ്ടിക്കാട്ടി.
സ്‌നേഹം, സമാധാനം, ഐക്യം, സ്വഭാവരൂപീകരണം, സേവ എന്നിവയായിരുന്നു സര്‍സംഘചാലക് മുന്നോട്ടുവച്ച സന്ദേശം. വൈവിധ്യത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും വിശ്വാസങ്ങളിലും പാരമ്പര്യങ്ങളിലും ഉറച്ചുനില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു: മികച്ച സിഖുകാരായി, മികച്ച ഹിന്ദുക്കളായി, എല്ലാറ്റിനുമുപരി, മികച്ച മനുഷ്യരായി ജീവിക്കാന്‍ അദ്ദേഹം മാര്‍ഗദര്‍ശനം നല്കി. എവിടെ ജീവിക്കുന്നുവോ ആ സമൂഹത്തില്‍ വിശ്വസ്തരും ഉത്തരവാദിത്തമുള്ളവരുമായിരിക്കണമെന്ന ആഹ്വാനം പുതിയ വഴിയാണ് തുറന്നത്.
സാമൂഹിക ഐക്യവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകാരമെന്ന നിലയില്‍ ഹിന്ദു സിഖ് യൂണിറ്റി ഫോറം സര്‍സംഘചാലകനെ ആദരിച്ചു. ടൊറന്റോയിലെ ഹിന്ദു വിശ്വബന്ധു സമ്മേളനത്തില്‍ 10 പ്രവിശ്യകളില്‍ നിന്നും 175 സംഘടനകളെ പ്രതിനിധീകരിച്ച് രണ്ടായിരത്തിലേറെ പേരാണ് പങ്കെടുത്തത്















