മലപ്പുറം: എടപ്പാളില്‍ രോഗിയായ യുവതിക്ക് അടിയന്തര ചികിത്സ നല്‍കാതെ ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് പരാതി. പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് എടപ്പാള്‍ സ്വദേശിനി ഷഹലയുടെ ആരോപണം. പൊലീസ് ഇടപെട്ടതോടെയാണ് പിന്നീട് ചികിത്സ ലഭിച്ചതെന്നും യുവതി പറഞ്ഞു. കഴിഞ്ഞമാസം പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ഷഹല മലങ്കര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ ശേഷവും രക്തം ഛര്‍ദ്ദിക്കുന്നത് തുടര്‍ന്നതോടെയാണ് വീണ്ടും ചികിത്സ തേടിയത്.
തുടര്‍ന്ന് എടപ്പാള്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇവിടെനിന്ന് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് ഷഹല ആരോപിച്ചു. ആശുപത്രിയിലെത്തിയിട്ടും അടിയന്തരമായി ചികിത്സ ലഭിച്ചില്ലെന്നും ഡോക്ടര്‍ മോശമായി പെരുമാറിയെന്നുമാണ് യുവതിയുടെ പരാതി. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയും പൊലീസ് ഇടപെടുകയും ചെയ്തതോടെ ചികിത്സ ലഭിച്ചതായും ഷഹല പറഞ്ഞു.