തിരുവനന്തപുരം: ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ വിദ്യാര്‍ഥിക്ക് വെട്ടേറ്റു. തോന്നയ്‌ക്കല്‍ സായിഗ്രാം കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയും കഴക്കൂട്ടം സ്വദേശിയുമായ വിഗ്നേഷ് (20) ആണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തോന്നയ്‌ക്കല്‍ മങ്കാട്ടുമൂല സ്വദേശികളായ ഷോബിത്ത്, ദില്‍ഷാന്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോളേജിലെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാക്കുതര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ഇതിനിടെയാണ് വിഗ്നേഷിന് വാക്കത്തി ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഗ്നേഷിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ആറ്റിങ്ങല്‍ പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കൂടുതല്‍ കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.