തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ക്ലസ്റ്റര്‍; ജിതേന്ദ്ര സിംഗുമായി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ണായക കൂടിക്കാഴ്ച

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ക്ലസ്റ്ററായി (ടി-ആര്‍ഐസി) വികസിപ്പിക്കുന്ന പദ്ധതിക്ക് വേഗം കൂട്ടാന്‍ നീക്കം. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗുമായി ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 40-ലധികം കേന്ദ്ര സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളുടെ ശേഷി ഒരുമിപ്പിച്ച് തലസ്ഥാനത്തെ രാജ്യത്തെ പ്രധാന ഗവേഷണ-നവീകരണ ഹബ്ബാക്കി മാറ്റുകയാണ് ടി-ആര്‍ഐസിലൂടെ ലക്ഷ്യമിടുന്നത്.

കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയോടെ ടി-ആര്‍ഐസി യാഥാര്‍ഥ്യമാക്കുന്നതിനുള്ള തുടര്‍നടപടികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. 2024 ജൂലൈയിലാണ് ടി-ആര്‍ഐസി എന്ന ആശയം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ അവതരിപ്പിച്ചത്. തിരുവനന്തപുരത്തെ കേന്ദ്ര ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശേഷി ഏകോപിപ്പിച്ച് ആഗോള നിലവാരത്തിലുള്ള ഗവേഷണ-നവീകരണ കേന്ദ്രമാക്കി തലസ്ഥാനത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച രാജ്യത്തെ പ്രധാന വ്യാവസായിക-ലോജിസ്റ്റിക്സ് ഇടനാഴികള്‍ക്ക് സമീപമായി ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്ന അഞ്ച് യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകളില്‍ ഒന്ന് തിരുവനന്തപുരത്ത് അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പും ടി-ആര്‍ഐസിയും യാഥാര്‍ഥ്യമാകുന്നതോടെ തിരുവനന്തപുരം ഗവേഷണം, സാങ്കേതികവിദ്യ, നവീകരണം എന്നിവയുടെ പ്രധാന കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തലസ്ഥാനത്തിന്റെ വിദ്യാഭ്യാസ-ഗവേഷണ മേഖലയില്‍ വലിയ മാറ്റത്തിന് പദ്ധതികള്‍ വഴിയൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Share