അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; വീട്ടിൽ സൂക്ഷിച്ച കീടനാശിനിയുടെ ദ്രാവകം ഉള്ളിൽ ചെന്നെന്ന് നിഗമനം, വിശദ റിപ്പോർട്ടിനായി കാത്ത് പൊലീസ്

Published by
ജനം വെബ്‌ഡെസ്ക്

ഇടുക്കി: അടിമാലിയിൽ ഇരട്ടക്കുട്ടികളുടെ മരണത്തിന് കാരണം കീടനാശിനി ഉള്ളിൽ ചെന്നതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനിയുടെ അടിഭാഗം ദ്രവിച്ചതിനെ തുടർന്ന് പുറത്തുവന്ന ദ്രാവകം കുട്ടികൾ അറിയാതെ കൈയിൽ തൊട്ട് വായിൽ വെച്ചതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇരുമ്പുപാലം ഒഴുവത്തടത്ത് വലിയകാട്ടിൽ അഫ്‌സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനും ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ ദുരൂഹതയുള്ളതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചനയില്ലെന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കേസിൽ തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനിയുടെ കുപ്പിയുടെ അടിഭാഗം ദ്രവിക്കുകയും ഇതുവഴി പുറത്തുവന്ന ദ്രാവകം തറയിൽ വീഴുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഈ ദ്രാവകം കുട്ടികൾ കൈകൊണ്ട് തൊട്ട ശേഷം അറിയാതെ വായിൽ വെച്ചതാകാമെന്നും അതുവഴി വിഷാംശം ശരീരത്തിനുള്ളിൽ എത്തിയതാകാമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവസമയത്ത് കുട്ടികളുടെ അമ്മ സാന്ദ്ര അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. പിതാവ് അഫ്‌സൽ സമീപത്തെ മുറിയിലുണ്ടായിരുന്നു. വീട്ടിൽ വൈദ്യുതി ഇല്ലാതിരുന്ന സമയത്താണ് സംഭവമുണ്ടായതെന്ന് അഫ്‌സൽ പൊലീസിന് മൊഴി നൽകിയിരുന്നു.

പിന്നീട് വൈദ്യുതി വന്നതോടെയാണ് കുട്ടികളുടെ ദേഹത്ത് എന്തോ പറ്റിപ്പിടിച്ചിരിക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അത് കഴുകിക്കളഞ്ഞതായി മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു.

തുടർന്ന് ഒരു കുട്ടിക്ക് പാൽ നൽകുന്നതിനിടെ ഇരുവരും അവശനിലയിലായി. ഇതോടെ പിതാവ് കുട്ടികളെ ഉടൻ ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് അടിമാലിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനിയും സംഭവസ്ഥലത്തെ സാഹചര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു.

പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം കീടനാശിനി ഉള്ളിൽ ചെന്നതാണെന്നാണ് വ്യക്തമാകുന്നതെങ്കിലും വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷമായിരിക്കും അന്തിമ നിഗമനത്തിലേക്ക് പൊലീസ് എത്തുക. അതിന് ശേഷമാകും കേസിൽ തുടർനടപടികൾ തീരുമാനിക്കുക.

Share