മലപ്പുറം: സ്ത്രീകൾ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കപ്പെടരുതെന്ന സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. രാഷ്‌ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി ഇസ്‌ലാമിക നിയമങ്ങൾ തിരുത്തി പറയേണ്ടതില്ലെന്ന നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു.
ആരുടെയും അഭിപ്രായത്തിനോ ഇഷ്ടത്തിനോ അനുസരിച്ചല്ല പണ്ഡിതർ മതവിധികൾ പറയുന്നതെന്ന് കാന്തപുരം പറഞ്ഞു. സമസ്ത ഇതുവരെ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ആലോചിച്ചും പരിശോധിച്ചും മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. അതുകൊണ്ടുതന്നെ ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ പിന്നീട് തിരുത്തി പറയേണ്ട സാഹചര്യം സമസ്തയിലെ പണ്ഡിതന്മാർക്ക് ഉണ്ടായിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി.
തിരൂരങ്ങാടിയിൽ നടന്ന പരിപാടിയിലായിരുന്നു പ്രതികരണം. സമസ്തയുടെ സെന്റിനറി സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്വാഗതസംഘ രൂപീകരണ പരിപാടിയിലാണ് കാന്തപുരം സംസാരിച്ചത്.
കാന്തപുരത്തിന്റെ വിവാദ പരാമർശം സംബന്ധിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പ്രതികരിച്ചതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ പുതിയ പ്രതികരണം. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ അൻവർ ഇബ്രാഹിം കാന്തപുരത്തെ സന്ദർശിക്കാനിരിക്കെയാണ് വിവാദ വിഷയത്തിൽ അദ്ദേഹം വീണ്ടും നിലപാട് വ്യക്തമാക്കിയത്.
ഖുർആൻ, മതപാരമ്പര്യം, പ്രവാചകൻ എന്നീ വിഷയങ്ങളിൽ വലിയ സംഭാവന നൽകിയ മതപണ്ഡിതനാണ് കാന്തപുരമെന്നും പല നിലകളിലും മികച്ച അധ്യാപകനാണെന്നും അൻവർ ഇബ്രാഹിം പ്രതികരിച്ചിരുന്നു. എന്നാൽ കാന്തപുരത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കണമെന്നില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. തന്റെ രാജ്യത്ത് സ്ത്രീകൾക്ക് തുല്യനീതിയാണെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ കൊച്ചിയിൽ നടന്ന ഇസ്‌ലാമിക സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ വിവാദ പരാമർശം. നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് പിന്നാലെ മഹല്ലുകൾക്കും മദ്രസകൾക്കും നിർദേശമെന്ന നിലയിലായിരുന്നു പരാമർശം.
അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു അന്നത്തെ പ്രസ്താവനയിലെ നിർദേശം. സ്ത്രീകളെ പൊതുവേദികളിലേക്ക് കൊണ്ടുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും കാന്തപുരം പറഞ്ഞിരുന്നു.
പ്രസ്താവനയ്‌ക്കെതിരെ ആദ്യം ഇടതുസംഘടനകളാണ് രംഗത്തെത്തിയത്. പിന്നാലെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരും വിമർശനവുമായി രംഗത്തെത്തി. എന്നാൽ വിവാദം ഉയർന്നപ്പോഴും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കാന്തപുരം. ഇപ്പോഴത്തെ പ്രതികരണത്തിലും അതേ നിലപാട് അദ്ദേഹം ആവർത്തിച്ചിരിക്കുകയാണ്.















