ന്യൂഡൽഹി: കേരളത്തിലെ ഇസ്ലാമിക പണ്ഡിതൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശത്തിൽ വിയോജിപ്പ് വ്യക്തമാക്കി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. കാന്തപുരം മതഗ്രന്ഥങ്ങളും ഖുർആനും പാരമ്പര്യവും പ്രവാചകന്റെ പഠിപ്പിക്കലുകളും മനസ്സിലാക്കുന്നതിൽ സംഭാവന നൽകിയ പരമ്പരാഗത മതപണ്ഡിതനാണെന്നും മികച്ച അധ്യാപകനാണെന്നും അൻവർ ഇബ്രാഹിം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നില്ലെന്നും വ്യക്തമാക്കി.
ഇന്ത്യ സന്ദർശിക്കുന്ന മലേഷ്യൻ പ്രധാനമന്ത്രി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ കേരളത്തിൽ വെച്ച് കാണാനിരിക്കെയാണ് അൻവർ ഇബ്രാഹിമിന്റെ പ്രതികരണം. ന്യൂഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിക്കിടെ എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള സമീപകാല പരാമർശത്തെക്കുറിച്ചുള്ള ചോദ്യം.
സ്ത്രീകൾ വീടുകളിൽ ഒതുങ്ങിനിൽക്കണമെന്ന കാന്തപുരത്തിന്റെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ, മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങളുണ്ടെന്ന് അൻവർ ഇബ്രാഹിം വ്യക്തമാക്കി. ഇക്കാര്യം കാന്തപുരവുമായി നേരിട്ട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം നടത്തുന്ന നഴ്സിംഗ് കോളേജ് പോലുള്ള സ്ഥാപനങ്ങളെയും അൻവർ ഇബ്രാഹിം പരാമർശിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥിനികൾ ഭാവിയിൽ ആശുപത്രികളിൽ ജോലി ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
മലേഷ്യയിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. മലേഷ്യൻ സർവകലാശാലകളിൽ നിരവധി സ്ത്രീ വിദ്യാർഥിനികളുണ്ടെന്നും തന്റെ ഭാര്യ ഡോക്ടറാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പെൺമക്കൾ ഉൾപ്പെടെയുള്ള കുട്ടികൾക്ക് പഠിക്കാനും സ്വാതന്ത്ര്യം ആസ്വദിക്കാനും പൂർണ അവസരങ്ങൾ നൽകുന്നുണ്ടെന്നും അൻവർ ഇബ്രാഹിം വ്യക്തമാക്കി.
ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും താൻ സംസാരിച്ചിട്ടുണ്ടെന്ന് അൻവർ ഇബ്രാഹിം പറഞ്ഞു. എല്ലാ പണ്ഡിതരുടെയും അഭിപ്രായങ്ങളോട് യോജിക്കേണ്ടതില്ലെന്നും അതുപോലെ എല്ലാ പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും അഭിപ്രായങ്ങളോട് യോജിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയ്‌ക്ക് മലേഷ്യയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലുള്ള പ്രാധാന്യവും അൻവർ ഇബ്രാഹിം ചൂണ്ടിക്കാട്ടി. തമിഴ്നാട് സന്ദർശിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി വിജയ് വിദേശത്തായതിനാൽ ആ സന്ദർശനം മാറ്റിവച്ച് കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന ഇസ്ലാമിക സമ്മേളനത്തിലാണ് കാന്തപുരം സ്ത്രീകളെക്കുറിച്ചുള്ള വിവാദ പരാമർശം നടത്തിയത്. സ്ത്രീകൾ വീടുകളിൽ ഒതുങ്ങിനിൽക്കണമെന്നും പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടരുതെന്നും ഖുർആൻ പറയുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. സ്ത്രീകളെ പൊതുവേദികളിലേക്ക് കൊണ്ടുവരുന്നത് വലിയ നാശത്തിലേക്ക് നയിക്കുമെന്നും ഇസ്ലാം പർദ്ദ നിർബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പുരുഷന്മാരുമായി വേദി പങ്കിടുന്നതിൽ സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന സമസ്തയുടെ സർക്കുലറിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പരാമർശങ്ങൾ. പരാമർശത്തിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ കാന്തപുരത്തിന്റെ നിലപാടിനെ വിമർശിച്ചിരുന്നു. സ്ത്രീകൾ വീട്ടിൽ ഒതുങ്ങിനിൽക്കണമെന്ന് താനും തന്നോടൊപ്പമുള്ളവരും വിശ്വസിക്കുന്നില്ലെന്ന് കാന്തപുരം പിന്നീട് വ്യക്തമാക്കിയിരുന്നു.















