തിരുവനന്തപുരം: പിഎസ്‌സി നിയമന ക്രമക്കേട് അന്വേഷണത്തിൽ ചോദ്യം ചെയ്യലിനായി പിഎസ്‌സി അംഗങ്ങൾ ക്രൈംബ്രാഞ്ച് ഓഫീസിൽ നിർബന്ധമായും ഹാജരാകണമെന്ന നിലപാടിൽ ഉറച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് എസ്‌ഐടി വ്യക്തമാക്കി.
ഇത് സംബന്ധിച്ച് എസ്‌ഐടി ഐജി അജിത ബീഗം പിഎസ്‌സി സെക്രട്ടറിയുടെ കത്തിന് മറുപടി നൽകി. ചോദ്യം ചെയ്യലിന് പിഎസ്‌സിയുടെ പ്രോട്ടോകോൾ ബാധകമല്ലെന്നും എസ്‌ഐടി വ്യക്തമാക്കി.
പിഎസ്‌സി അംഗങ്ങൾക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താനാകില്ലെന്ന നിലപാടാണ് പിഎസ്‌സി സെക്രട്ടറി നേരത്തെ എസ്‌ഐടിയെ അറിയിച്ചത്. ഇതിന് മറുപടിയായാണ് ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ തന്നെ നിർബന്ധമായും ഹാജരാകണമെന്ന നിലപാട് എസ്‌ഐടി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പിഎസ്‌സി സ്വീകരിക്കേണ്ട നിലപാടിൽ അന്തിമ തീരുമാനം ആയിട്ടില്ല. വിഷയത്തിൽ നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുക്കാനാണ് പിഎസ്‌സിയുടെ തീരുമാനം.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനായി തിങ്കളാഴ്ച പിഎസ്‌സി യോഗം ചേരും. യോഗത്തിലാകും തുടർനടപടികളിൽ അന്തിമ തീരുമാനം ഉണ്ടാകുക.