കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് വൈകിട്ട് അഞ്ച് മണി മുതലാണ് നിയന്ത്രണം നിലവിൽ വരിക.
വൈദ്യരങ്ങാടി–രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം–മടവൂർ വരെയും പൂർണ ഗതാഗത നിയന്ത്രണമുണ്ടാകും. നിയന്ത്രണമുള്ള മേഖലകളിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് പൊലീസ് ബദൽ ഗതാഗത മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്.
വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ താമരശ്ശേരി–ബാലുശ്ശേരി–നന്മണ്ട–എരഞ്ഞിപ്പാലം വഴി പ്രവേശിക്കണം.
കൊടുവള്ളി ഭാഗത്തുനിന്നുള്ളവർ പടനിലം–കളരിക്കണ്ടി–വരട്ട്യാക്ക്–പെരിങ്ങളം വഴിയും മുക്കം ഭാഗത്തുനിന്നുള്ളവർ ചെത്തുകടവ്–പെരിങ്ങളം വഴിയും കോഴിക്കോട് നഗരത്തിലേക്ക് എത്തണമെന്നാണ് നിർദേശം.
കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് എലത്തൂർ–പാവങ്ങാട്–നടക്കാവ് വഴിയുള്ള റോഡ് ഉപയോഗിക്കാനാണ് നിർദേശം. യൂണിവേഴ്‌സിറ്റി ഭാഗത്തുനിന്ന് വരുന്നവർ ഇടിമൂഴിക്കൽ–രാമനാട്ടുകര–ഫറോക്ക്–ചെറുവണ്ണൂർ വഴിയാണ് കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കേണ്ടത്.
വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് യാത്ര നേരത്തെ ക്രമീകരിക്കണമെന്നും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം, മലാപ്പറമ്പ് മുതൽ കുന്നമംഗലം–മടവൂർ വരെയുള്ള റോഡുകളിൽ വാഹന പാർക്കിങ് അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.