ഗോരഖ്പൂര്‍: ഗോരഖ്നാഥ് ക്ഷേത്രം, അയോധ്യയിലെ രാമജന്മഭൂമി സമുച്ചയം, വിമാനത്താവളം, ഹൈക്കോടതി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. പോലീസ് സേനയുടെ ആധുനികവത്കരണത്തിനും സുരക്ഷാ സംവിധാനങ്ങളുടെ നവീകരണത്തിനുമായി വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി.
ഗോരഖ്നാഥ് ക്ഷേത്രത്തില്‍ എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനം സ്ഥാപിക്കാന്‍ മാത്രം 23.07 കോടി രൂപയാണ് അനുവദിച്ചത്. നിലവിലെ സിസിടിവി ശൃംഖലയ്‌ക്കൊപ്പം മുഖം തിരിച്ചറിയല്‍ സംവിധാനം, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍, സംയോജിത പബ്ലിക് അഡ്രസ് സംവിധാനം, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനമാണ് ഒരുക്കുന്നത്.
392 ക്യാമറകളുമായി ബന്ധിപ്പിച്ചുള്ള വീഡിയോ മാനേജ്മെന്റ് സംവിധാനം വികസിപ്പിക്കും. വിവിഐപി റൂട്ട്, ഹെലിപാഡ്, പുരാതന മാനസസരോവര്‍ ക്ഷേത്ര പ്രദേശം എന്നിവിടങ്ങളിലേക്കും നിരീക്ഷണ സംവിധാനം വ്യാപിപ്പിക്കും. സുരക്ഷാ സംവിധാനങ്ങളെ സാങ്കേതികവിദ്യയുമായി കൂടുതല്‍ ഏകോപിപ്പിച്ച് നിരീക്ഷണശേഷി വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാമജന്മഭൂമി ക്ഷേത്ര സമുച്ചയം, വിമാനത്താവളം, ലോക്ഭവന്‍, മെട്രോ, ആര്‍ആര്‍ടിഎസ്, ഹൈക്കോടതി തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷയ്‌ക്കായി യുപിഎസ്എസ്എഫിന്റെ ദ്രുത പ്രതികരണ സംഘങ്ങള്‍ക്കും ബോംബ് നിര്‍വീര്യമാക്കല്‍ സംഘങ്ങള്‍ക്കും കൂടുതല്‍ ആധുനിക ഉപകരണങ്ങള്‍ നല്‍കും.
സ്‌നിപ്പര്‍ റൈഫിളുകളും ടെലിസ്‌കോപിക് സെര്‍ച്ച് മിററുകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് 52.60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനുമായി സംസ്ഥാന പോലീസിന് ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കാനും തീരുമാനിച്ചു. ഇതിനായി 10.25 കോടി രൂപ ചെലവഴിക്കും. ജനപ്രതിനിധികളുടെയും വിവിഐപികളുടെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ആയുധങ്ങള്‍ മാറ്റി പുതിയ ഉപകരണങ്ങള്‍ വാങ്ങാനും സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി 5.59 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
സ്ഫോടകവസ്തുക്കള്‍ കണ്ടെത്താനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനായി ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡുകള്‍ക്കും മറ്റ് സുരക്ഷാ സംഘങ്ങള്‍ക്കും പ്രത്യേക ഉപകരണങ്ങള്‍ നല്‍കാനും തീരുമാനമായി. ഇതിനായി 4.19 കോടി രൂപ അനുവദിച്ചിട്ടുണ്ട്.