2029ന് മുമ്പ് 21 എന്‍ഡിഎ സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും; പ്രഖ്യാപനവുമായി അമിത് ഷാ

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: 2029ന് മുമ്പ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരിക്കുന്ന രാജ്യത്തെ 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ്‌നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുംബൈയില്‍ ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം. തീവ്രവാദത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന ‘സീറോ ടോളറന്‍സ്’ നയവും അമിത് ഷാ വിശദീകരിച്ചു. സര്‍ജിക്കല്‍ സ്‌ട്രൈക്ക്, വ്യോമാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ നടപടികളിലൂടെ തീവ്രവാദത്തിനെതിരായ നിലപാട് രാജ്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2014ന് മുമ്പുള്ള രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യം അഴിമതി, ജാതീയത, കുടുംബാധിപത്യം എന്നിവയാല്‍ ബാധിച്ചിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ‘ഇന്ത്യ ഫസ്റ്റ്’ എന്ന നയത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370, നക്‌സലിസം, വടക്കുകിഴക്കന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ ഉള്‍പ്പെടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ദീര്‍ഘകാലമായി ബാധിച്ചിരുന്ന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതായും അമിത് ഷാ അവകാശപ്പെട്ടു.

ഇന്ത്യ ‘ഫ്രജൈല്‍ ഫൈവ്’ സമ്പദ്വ്യവസ്ഥകളില്‍ നിന്ന് ലോകത്തിലെ മുന്‍നിര അഞ്ച് സമ്പദ്വ്യവസ്ഥകളുടെ പട്ടികയിലേക്ക് എത്തിയെന്നും അദ്ദേഹം പറഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തിയതായും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ‘വികസിത് ഭാരത്’ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണെന്നും ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വര്‍ഷത്തെ പൊതുപ്രവര്‍ത്തനം അടയാളപ്പെടുത്തുന്നതിനായി ബിജെപിയും സഖ്യകക്ഷികളും രാജ്യവ്യാപകമായി ‘സേവാ സങ്കല്‍പ് അഭിയാന്‍’ സംഘടിപ്പിക്കുമെന്നും അമിത് ഷാ അറിയിച്ചു.

സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെയാണ് പ്രചാരണം. മോദിയുടെ 25 വര്‍ഷത്തെ പൊതുജീവിതം, നേട്ടങ്ങള്‍, ലക്ഷ്യങ്ങള്‍, ഭാവിയിലേക്കുള്ള പ്രവര്‍ത്തനപദ്ധതികള്‍ എന്നിവ ജനങ്ങളിലെത്തിക്കുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് ഷാ പറഞ്ഞു.

Share