മോഖി (ചൈന): പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ നാലാം തവണയും കിരീടത്തില്‍ മുത്തമിട്ടത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമായി ഇന്ത്യ റെക്കോര്‍ഡിട്ടു. ഇത് ഇന്ത്യയുടെ ആറാം പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പ് കിരീടം കൂടിയാണ്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ഉത്തര്‍പ്രദേശ് ഹോക്കിയുടെ താരമായ അജീത് യാദവ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടി. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ലീഡ് നേടിയ ഇന്ത്യ, ആദ്യ പകുതി അവസാനിക്കുമ്പോഴേക്കും 3-0ന് മുന്നിലെത്തി.
നാലാം ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കി ആഷു മൗര്യ ഇന്ത്യയുടെ ലീഡ് 4-0 ആക്കി. അവസാന ഘട്ടത്തില്‍ ദക്ഷിണ കൊറിയ ആശ്വാസഗോള്‍ നേടിയെങ്കിലും മത്സരത്തിന്റെ നിയന്ത്രണം കൈവിടാതെ ഇന്ത്യ 4-1ന്റെ തകര്‍പ്പന്‍ വിജയം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങള്‍ ജയിക്കുകയും ഒരു മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്ത ഇന്ത്യ ഒന്നാം സ്ഥാനത്താണ് ഫൈനലിലെത്തിയത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യ ദക്ഷിണ കൊറിയയെ മറികടന്നത്.
സെമിഫൈനലില്‍ ഇന്ത്യ മലേഷ്യയെ 3-1ന് തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണ കൊറിയ പാകിസ്ഥാനെ 4-1ന് കീഴടക്കിയാണ് ഫൈനലിലെത്തിയത്. നേരത്തെ നടന്ന വനിതാ ജൂനിയര്‍ ഏഷ്യാ കപ്പ് ഫൈനലില്‍ ചൈനയെ 1-0ന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. ഇതോടെ പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഇന്ത്യക്ക് ജൂനിയര്‍ ലോകകപ്പിലേക്ക് യോഗ്യതയും ലഭിച്ചു. കിരീടം നേടിയ ഇന്ത്യന്‍ പുരുഷ ടീമിലെ ഓരോ താരത്തിനും 3 ലക്ഷം രൂപ വീതവും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വീതവും ഹോക്കി ഇന്ത്യ പാരിതോഷികം പ്രഖ്യാപിച്ചു.