നാസിക്: ഗണേശ ചതുര്‍ത്ഥി ആഘോഷത്തിന് മാറ്റുകൂട്ടി 24 കാരറ്റ് സ്വര്‍ണം പൂശിയ മോദകവുമായി മഹാരാഷ്‌ട്രയിലെ നാസിക്കിലെ മധുരപലഹാരക്കട. സാഗര്‍ സ്വീറ്റ്സാണ് ഉപഭോക്താക്കള്‍ക്കായി ‘ഗോള്‍ഡന്‍ മോദക്’ അവതരിപ്പിച്ചിരിക്കുന്നത്. കിലോയ്‌ക്ക് 27,000 രൂപയാണ് വില. ഗണേശ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് മോദകങ്ങള്‍ക്ക് വലിയ ഡിമാന്‍ഡുള്ള സാഹചര്യത്തിലാണ് വ്യത്യസ്തമായ പരീക്ഷണവുമായി കട രംഗത്തെത്തിയത്. സ്വര്‍ണം പൂശിയ മോദകത്തിന് പുറമെ കശുവണ്ടി, ഡ്രൈ ഫ്രൂട്ട്, ഓറഞ്ച്, മലായ് തുടങ്ങി 25ലധികം ഇനം മോദകങ്ങളും സാഗര്‍ സ്വീറ്റ്സ് ഒരുക്കിയിട്ടുണ്ട്.
വിവിധ രുചികളില്‍ ഒരുക്കിയ മോദകങ്ങളില്‍ കാജു മോദകത്തിനും ആവശ്യക്കാരേറെയാണ്. കിലോയ്‌ക്ക് 2,000 രൂപയാണ് കാജു മോദകത്തിന്റെ വില. ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി കടയിലെ പ്രത്യേക വിഭവങ്ങള്‍ ശ്രദ്ധ നേടുകയാണ്. ഇതിനിടെ പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലും മോദകം വാര്‍ത്തകളില്‍ ഇടംനേടി. പ്രശസ്ത മധുരപലഹാരക്കടയായ ബലറാം മല്ലിക് ആന്‍ഡ് രാധാരമണ്‍ മല്ലിക് 1,100 കിലോഗ്രാം ഭാരമുള്ള കൂറ്റന്‍ മോദകമാണ് ഇത്തവണ ഒരുക്കിയത്.
അത്തിപ്പഴം, കശുവണ്ടി, ബദാം എന്നിവ ഉപയോഗിച്ചാണ് കൂറ്റന്‍ മോദകം അലങ്കരിച്ചിരിക്കുന്നത്. പത്തുദിവസത്തെ ഗണേശ ചതുര്‍ത്ഥി ആഘോഷത്തിനിടെ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി ഇത് മാറിയിട്ടുണ്ട്. പരമ്പരാഗത പാചകരീതികള്‍ക്കൊപ്പം ആധുനിക രുചിക്കൂട്ടുകളും ചേര്‍ത്ത് 40ഓളം വ്യത്യസ്ത ഇനം മോദകങ്ങളും ലഡ്ഡുക്കളും ഇത്തവണ ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.