മുംബൈ: രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ ടോള്‍ പിരിവ് നടത്തുന്ന ബാരിയര്‍-രഹിത സംവിധാനം ഉടന്‍ പൂര്‍ണതോതില്‍ യാഥാര്‍ഥ്യമാകും. ഫാസ്ടാഗിനൊപ്പം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ കൂടി ഉപയോഗിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. 2027 മാര്‍ച്ചോടെ ദേശീയപാതകളിലെ മുഴുവന്‍ ടോള്‍ ബൂത്തുകളും ബാരിയര്‍ രഹിതമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. മുംബൈയിലെ ഒരു ടോള്‍ പ്ലാസയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ മള്‍ട്ടിലൈന്‍ ഫ്രീഫ്‌ലോ സംവിധാനം വിജയിച്ചതിന് പിന്നാലെയാണ് പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കുന്നത്.
ഈ വര്‍ഷം ഡിസംബറോടെ 70 ശതമാനത്തിലധികം ടോള്‍ പ്ലാസകള്‍ പുതിയ സംവിധാനത്തിലേക്ക് മാറുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. മുംബൈയില്‍ നടന്ന ‘ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2026’ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പൂര്‍ണ ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനം നടപ്പാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് പ്രതിവര്‍ഷം 20,000 കോടി മുതല്‍ 25,000 കോടി രൂപ വരെ അധിക നേട്ടം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ സംവിധാനം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 7,000 മുതല്‍ 8,000 കോടി രൂപ വരെ അധിക വരുമാനം ലഭിക്കുമെന്നാണ് ഗഡ്കരി വ്യക്തമാക്കിയത്.
നിലവിലുള്ള ഫാസ്ടാഗ് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയുന്ന ‘വണ്‍ടാഗ്’ പോര്‍ട്ടബിലിറ്റി സേവനവും മന്ത്രി പുറത്തിറക്കി. ‘രാജ്മാര്‍ഗ് യാത്ര’ ആപ്പ് വഴി വാഹന ഉടമകള്‍ക്ക് ഫാസ്ടാഗ് പുതിയ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാം. ട്രക്കുകളിലെ അമിതഭാരം കണ്ടെത്തുന്നതിനായി നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കണമെന്ന് ഐടി, ഫിന്‍ടെക് മേഖലയിലെ വിദഗ്ധരോട് ഗഡ്കരി ആവശ്യപ്പെട്ടു. ഫാസ്ടാഗ്, വാഹനം, ഇന്‍ഷുറന്‍സ്, ബാങ്കിങ് സംവിധാനങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ചുള്ള ശക്തമായ ഡിജിറ്റല്‍ ഇക്കോസിസ്റ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.