കോഴിക്കോട്: നടുവണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. മന്ദങ്കാവ് വലിയപറമ്പിൽ ബൈജു (47) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 5.547 ഗ്രാം എംഡിഎംഎ പിടികൂടി.
പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജി എൻ.കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയ്‌ക്കിടെ ബൈജുവിനെ പിടികൂടുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന എംഡിഎംഎ കണ്ടെടുക്കുകയുമായിരുന്നു.
എംഡിഎംഎ വാങ്ങി ഉപയോഗിക്കുന്നതിനായി പ്രതിമാസം ഏകദേശം 35,000 രൂപ ചെലവഴിച്ചിരുന്നതായി ബൈജു എക്സൈസ് സംഘത്തോട് പറഞ്ഞു. ലഹരിമരുന്ന് എവിടെനിന്നാണ് ലഭിച്ചതെന്നും വിതരണ ശൃംഖലയുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ എക്സൈസ് സംഘം അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.