കാസര്‍കോട്: നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്നുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് പരിക്ക്. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന മത്സ്യത്തൊഴിലാളി മുഹമ്മദ് കുഞ്ഞിയുടെ മകള്‍ കുഞ്ഞായിഷ (39)യ്‌ക്കാണ് പരിക്കേറ്റത്. ഇടതുകാലിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം.
കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്. പടന്നക്കാട് ഐങ്ങോത്ത് എത്തിയപ്പോഴാണ് ബസിന്റെ പിന്നിലെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടിയത്. ടയര്‍ പൊട്ടിയതിന്റെ ആഘാതത്തില്‍ ബസിന്റെ പ്ലാറ്റ്ഫോം തകരുകയായിരുന്നു.
ഈ സമയം പിന്നിലെ ടയറിന് മുകളിലുള്ള സീറ്റില്‍ ഇരിക്കുകയായിരുന്നു കുഞ്ഞായിഷ. പ്ലാറ്റ്ഫോം തകര്‍ന്നതോടെ ഇവരുടെ കാല്‍ അതിനിടയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ കുഞ്ഞായിഷയെ ബസ് ജീവനക്കാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ കാഞ്ഞങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.