കോഴിക്കോട്: നിസ്കരിക്കാനെന്ന വ്യാജേന പള്ളികളിലെത്തി ഇൻവെർട്ടർ ബാറ്ററികളും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ചിരുന്നയാൾ പോലീസിന്റെ പിടിയിൽ. മുക്കം തോട്ടത്തിൻകടവ് സ്വദേശി അബ്ദുൽ ജലീൽ (42) ആണ് മുക്കം പോലീസിന്റെ പിടിയിലായത്.
വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കിലെത്തിയായിരുന്നു പ്രതിയുടെ മോഷണം. പള്ളിയിൽ ആളൊഴിഞ്ഞ സമയം നോക്കി അകത്തുകടന്ന് ഇൻവെർട്ടർ ബാറ്ററികൾ കവർന്ന് കടന്നുകളയുന്നതായിരുന്നു രീതി. മോഷ്ടിച്ച ബാറ്ററികൾ വിറ്റ് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതിയെന്ന് പോലീസ് പറയുന്നു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലയിലെ പള്ളികളായിരുന്നു പ്രതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്‌ക്ക് മലയമ്മ ടൗൺ ജുമാമസ്ജിദിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷണം പോയതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്.
സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാർ പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ചാത്തമംഗലം പെരിങ്ങൊളത്തെ ഒരു കടമുറിയായിരുന്നു ഇയാളുടെ താവളമെന്ന് നാട്ടുകാർ കണ്ടെത്തി. തുടർന്ന് വിവരം മുക്കം പോലീസിനെ അറിയിച്ചു.
പോലീസ് സ്ഥലത്തെത്തി മുറിയിൽ പരിശോധന നടത്തിയതോടെ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചു. തുടർന്ന് മുക്കം ഇൻസ്പെക്ടർ റഫീഖിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ നിന്ന് മോഷ്ടിച്ച ബാറ്ററിയുമായി അബ്ദുൽ ജലീലിനെ പിടികൂടിയത്.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കഴിഞ്ഞ ആറുമാസത്തിനിടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിരവധി പള്ളികളിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. മോഷ്ടിച്ച ബാറ്ററികൾ എവിടെയെല്ലാം വിറ്റു, മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്.
പ്രതിയുടെ ബൈക്ക്, വ്യാജ നമ്പർ പ്ലേറ്റ്, മോഷണവുമായി ബന്ധപ്പെട്ട മറ്റ് സാധനങ്ങൾ എന്നിവയും പോലീസ് പരിശോധിച്ചുവരികയാണ്. ഇയാൾക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്.