ഇമിഗ്രേഷന്‍ പരിശോധന ഇല്ലേ? ഡല്‍ഹിയില്‍ നടപടിക്രമം പൂര്‍ത്തിയാക്കാതെ മൂന്ന് പേര്‍ അന്താരാഷ്‌ട്ര വിമാനത്തില്‍; എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിര്‍ബന്ധിത ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ മൂന്ന് ഇറ്റാലിയന്‍ യാത്രക്കാര്‍ അന്താരാഷ്‌ട്ര വിമാനത്തില്‍ കയറിയ സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. സെപ്റ്റംബര്‍ നാലിന് അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലെത്തിയ യാത്രക്കാര്‍ പിന്നീട് ലുഫ്താന്‍സയുടെ ഡല്‍ഹി-മ്യൂണിക് വിമാനത്തില്‍ കയറുകയായിരുന്നു.

സംഭവത്തില്‍ നടപടിക്രമ വീഴ്ചയുണ്ടായെന്ന ആരോപണത്തിലാണ് എയര്‍ ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണോട് വിശദീകരണം തേടിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയവും ഇടപെട്ടിട്ടുണ്ട്. യാത്രക്കാര്‍ ആവശ്യമായ ഇമിഗ്രേഷന്‍ പരിശോധന പൂര്‍ത്തിയാക്കാതെ അന്താരാഷ്‌ട്ര ട്രാന്‍സ്ഫര്‍ മേഖലയിലെത്തിയത് എങ്ങനെയെന്ന് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ വിവിധ മന്ത്രാലയങ്ങളിലെയും ഏജന്‍സികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. വ്യോമയാന മന്ത്രാലയ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍, ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ കമ്മിഷണര്‍, എയര്‍ ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണ്‍, ഡല്‍ഹി വിമാനത്താവള സിഇഒ എന്നിവരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരെ കൈകാര്യം ചെയ്ത രീതിയും ആവശ്യമായ ഇമിഗ്രേഷന്‍ പരിശോധന പൂര്‍ത്തിയാക്കാതെ അന്താരാഷ്‌ട്ര വിമാനത്തില്‍ കയറാന്‍ സാഹചര്യമുണ്ടായതും യോഗത്തില്‍ പരിശോധിക്കും.

Share