ധാക്ക: 2024ലെ ജൂലൈ–ഓഗസ്റ്റ് മാസങ്ങളിലെ വിദ്യാർഥി–ജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ കേസിൽ ഏഴ് മുതിർന്ന അവാമി ലീഗ് നേതാക്കൾക്ക് ബംഗ്ലാദേശ് അന്താരാഷ്‌ട്ര ക്രൈംസ് ട്രൈബ്യൂണൽ-2 വധശിക്ഷ വിധിച്ചു. അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൾ ഖാദർ ഉൾപ്പെടെയുള്ള ഏഴ് പേരും വിചാരണ സമയത്ത് ഒളിവിലായിരുന്നതിനാൽ അവരുടെ അഭാവത്തിലായിരുന്നു വിചാരണയും വിധിയും.
ഒബൈദുൾ ഖാദറിന് പുറമെ അവാമി ലീഗ് ജോയിന്റ് ജനറൽ സെക്രട്ടറി എ.എഫ്.എം. ബഹാവുദ്ദീൻ നാസിം, മുൻ സംസ്ഥാന മന്ത്രി മുഹമ്മദ് അലി അറഫാത്ത്, ജുബോ ലീഗ് അധ്യക്ഷൻ ഷെയ്ഖ് ഫസൽ ഷംസ് പരാഷ്, ജനറൽ സെക്രട്ടറി മൈനുൽ ഹൊസൈൻ ഖാൻ നിഖിൽ, ഛത്ര ലീഗ് പ്രസിഡന്റ് സദ്ദാം ഹുസൈൻ, ജനറൽ സെക്രട്ടറി ഷെയ്ഖ് വാലി ആസിഫ് ഇനാൻ എന്നിവരാണ് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടത്.
ജസ്റ്റിസ് നസ്റുൽ ഇസ്ലാം ചൗധരി അധ്യക്ഷനായ മൂന്നംഗ ട്രൈബ്യൂണലാണ് വിധി പ്രസ്താവിച്ചത്. ഒബൈദുൾ ഖാദർ, ബഹാവുദ്ദീൻ നാസിം, മുഹമ്മദ് അലി അറഫാത്ത്, ഷംസ് പരാഷ്, മൈനുൽ ഹൊസൈൻ ഖാൻ നിഖിൽ എന്നിവരുടെ സ്വത്തുക്കളുടെ പകുതി കണ്ടുകെട്ടാനും ട്രൈബ്യൂണൽ ഉത്തരവിട്ടു. കണ്ടുകെട്ടുന്ന സ്വത്തിൽ നിന്നുള്ള തുക പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരമായി നൽകാനാണ് നിർദേശം.
പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾ
2024 ജൂലൈ 1 മുതൽ ഓഗസ്റ്റ് 5 വരെയുള്ള കാലയളവിൽ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും നേരെ വ്യാപകവും ആസൂത്രിതവുമായ ആക്രമണങ്ങൾ നടന്നുവെന്നും ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തുവെന്നുമാണ് പ്രോസിക്യൂഷൻ ട്രൈബ്യൂണലിൽ വാദിച്ചത്. 1,400ലേറെ പേർ കൊല്ലപ്പെടുകയും 25,000ലേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ ആരോപിച്ചു.
പ്രതിഷേധം അടിച്ചമർത്തുന്നതിനായി നിയമപാലന ഏജൻസികളെയും അവാമി ലീഗിന്റെയും ജുബോ ലീഗിന്റെയും ഛത്ര ലീഗിന്റെയും പ്രവർത്തകരെയും ഉപയോഗിക്കാൻ പ്രതികൾ നിർദേശിക്കുകയും ആക്രമണങ്ങൾക്ക് നേതൃത്വം നൽകുകയോ പ്രേരണ നൽകുകയോ സഹായിക്കുകയോ ചെയ്തുവെന്നാണ് പ്രോസിക്യൂഷന്റെ കേസ്.
1973ലെ International Crimes (Tribunals) Act പ്രകാരം കൊലപാതകം, കൊലപാതകശ്രമം, പീഡനം, മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികൾ, പ്രേരണ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് കേസിൽ ഉൾപ്പെടുത്തിയിരുന്നത്.
എട്ട് മാസത്തോളം നീണ്ട വിചാരണ
കേസിന്റെ അന്വേഷണം 2025 ജൂൺ 18ന് ആരംഭിക്കുകയും അന്വേഷണ റിപ്പോർട്ട് ഡിസംബർ 7ന് പ്രോസിക്യൂഷന് സമർപ്പിക്കുകയും ചെയ്തു. 2025 ഡിസംബർ 18ന് ട്രൈബ്യൂണൽ കേസിലെ കുറ്റങ്ങൾ പരിഗണിക്കാൻ തീരുമാനിച്ചു. 2026 ജനുവരി 22ന് കുറ്റങ്ങൾ ചുമത്തി വിചാരണ ആരംഭിക്കാൻ ഉത്തരവിട്ടു. ഫെബ്രുവരി 17നാണ് ഔദ്യോഗികമായി വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷന്റെ 29 സാക്ഷികൾ മൊഴി നൽകി. ഓഗസ്റ്റ് 17ന് വാദം പൂർത്തിയായി.
പ്രതികൾ ഏഴുപേരും ഒളിവിലായിരുന്നതിനാൽ സർക്കാർ നിയോഗിച്ച അഭിഭാഷകരാണ് അവരുടെ ഭാഗത്ത് ഹാജരായത്. പ്രതിഭാഗം അഭിഭാഷകർ വിധിയിൽ തൃപ്തരല്ലെന്ന് പ്രതികരിക്കുകയും നിയമപരമായ അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇതോടെ 2024ലെ ജൂലൈ ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട മനുഷ്യരാശിക്കെതിരായ കുറ്റകൃത്യ കേസുകളിൽ ട്രൈബ്യൂണലുകൾ പുറപ്പെടുവിച്ച വിധികളുടെ എണ്ണം ഏഴായി. പുതിയ വിധിയോടെ ഈ കേസുകളിലായി വധശിക്ഷ ലഭിച്ചവരുടെ എണ്ണം 22 ആയി.
വിധിക്ക് പിന്നാലെ ധാക്കയിലെ സുപ്രീം കോടതി പരിസരത്ത് ക്രൂഡ് ബോംബ് പൊട്ടിയെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.