ന്യൂഡൽഹി: 14 വയസിന് താഴെയുള്ള കുട്ടികൾക്ക് മതപഠനം നൽകുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്ന ആവശ്യം പരിഗണിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ടി.കെ. അനിൽകുമാറിന് സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് നൽകി.
അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് പുറപ്പെടുവിച്ചത്.
14 വയസിന് താഴെയുള്ള കുട്ടികൾക്ക് മതപരമോ മതേതരമോ ആയ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾക്ക് നിർബന്ധിത രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്നും ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപാധ്യായ കേന്ദ്ര സർക്കാരിന് നിവേദനം നൽകിയത്.
നിവേദനത്തിൽ ഉന്നയിച്ച വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ തീരുമാനം സ്വീകരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. എന്നാൽ കോടതി നിർദേശം ലഭിച്ചിട്ടും വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി തുടർനടപടി സ്വീകരിച്ചില്ലെന്നാണ് പുതിയ ഹർജിയിലെ ആരോപണം. ഇതിനെ തുടർന്നാണ് കോടതി ഉത്തരവ് പാലിച്ചില്ലെന്ന പരാതിയുമായി ഉപാധ്യായ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.
സർക്കാർ രജിസ്ട്രേഷനോ മേൽനോട്ടമോ ഇല്ലാതെ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ കുട്ടികൾക്ക് മതപഠനം നൽകുന്നുണ്ടെന്നും ഇത്തരം സംവിധാനങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.
മതപഠനത്തിന്റെ മറവിൽ ചില സ്ഥാപനങ്ങളിൽ കുട്ടികളുടെ മനസ്സിൽ തീവ്ര ആശയങ്ങൾ വളർത്താൻ ശ്രമങ്ങൾ നടക്കുന്നതായും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങൾക്ക് ഫലപ്രദമായ നിയന്ത്രണവും നിരീക്ഷണവും ഇല്ലാത്തത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ, ദേശീയ അഖണ്ഡത, സാമൂഹിക സൗഹാർദ്ദം എന്നിവയെ ബാധിക്കാവുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്നാണ് ഹർജിയിലെ വാദം. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തനം നിയമപരമായ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.