കൊടും വിഷം!!! ‘മുഖം വെളുത്തുപാറുന്ന’ പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന; കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ‘Goree Beauty Cream’, ‘Chandni Whitening Cream’ എന്നീ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വിൽക്കാൻ അനുമതിയില്ലെന്നും ഇവയിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതലായി ഹെവി മെറ്റലുകൾ കണ്ടെത്തിയെന്നും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) അറിയിച്ചു.

ഉൽപ്പന്നങ്ങളുടെ വിശദമായ പരിശോധന നടത്തിയ ശേഷമാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അമിതമായ ഹെവി മെറ്റലുകളുടെ സാന്നിധ്യം  ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) ഡോ. രാജീവ് സിംഗ് രഘുവംശി വ്യക്തമാക്കി. അടുത്തിടെ  കേരളത്തിൽ  നിന്നും ഈ ക്രീമുകൾ പിടിച്ചെടുത്തിരുന്നു. പിന്നാലെ സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗവും മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.

ഗോറി ഡേ ആൻഡ് നൈറ്റ് ബ്യൂട്ടി’ പാകിസ്താനിലെ ലാഹോറിലും ‘ഫൈസ’ ഗുജ്രാൻവാലയിലെ പൂനിയ ബ്രദേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലുമാണ് നിർമിക്കുന്നത്. അനുവദനീയമായ അളവിന്റെ 20,000 മടങ്ങ് വരെ മെർക്കുറിയാണ് ഈ ക്രീമുകളിൽ കണ്ടെത്തിയിരിക്കുന്നത്. മുഖം വെളുപ്പിക്കാനും ചർമത്തിന് തിളക്കം നൽകാനും സഹായിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകൾക്ക്  50 ഗ്രാമിന് 400 മുതൽ 500 രൂപ വരെയാണ് വില. പ്രധാനമായും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഇവയുടെ വിൽപ്പന നടക്കുന്നത്.

 വാങ്ങരുത്, ഉപയോഗിക്കരുത്
പൊതുജനങ്ങൾ Goree Beauty Cream, Chandni Whitening Cream എന്നിവ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന്  അധികൃതർ വ്യക്തമാക്കി. ഇതേ പേരുകളിലോ സമാനമായ പേരുകളിലോ വിപണിയിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ കാര്യത്തിലും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കൂടാതെ ഈ ഉൽപ്പന്നങ്ങൾ വിൽക്കുകയോ വിതരണം ചെയ്യുകയോ പരസ്യം ചെയ്യുകയോ ചെയ്യരുതെന്ന് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.

 കോസ്മെറ്റിക് വാങ്ങുമ്പോൾ ശ്രദ്ധിക്കണം
ഇന്ത്യയിൽ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ബന്ധപ്പെട്ട സംസ്ഥാന ലൈസൻസിംഗ് അതോറിറ്റിയിൽ നിന്ന് ലൈസൻസ് ആവശ്യമാണ്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കോസ്മെറ്റിക് ഉൽപ്പന്നങ്ങൾക്ക് കേന്ദ്ര ലൈസൻസിംഗ് അതോറിറ്റിയുടെ രജിസ്ട്രേഷനും നിർബന്ധമാണ്.

ലേബലിൽ നിയമപരമായ വിവരങ്ങൾ ഇല്ലാത്തതോ സംശയാസ്പദമായതോ ആയ ഉൽപ്പന്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട സംസ്ഥാന ഡ്രഗ്സ് കൺട്രോളറെ അറിയിക്കണം. ഇറക്കുമതി ചെയ്ത കോസ്മെറ്റിക് ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള പരാതികൾ DCGI-യെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു. അനധികൃത കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാനതല റെഗുലേറ്ററി എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Share