ന്യൂഡൽഹി: വിദേശ വേദികളിൽ നടത്തിയിരുന്ന പതിവ് മാറ്റി ഐപിഎൽ 2027 താരലേലം ഇന്ത്യയിൽ നടത്താൻ ബിസിസിഐ. സെപ്റ്റംബർ 15ന് ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 2027ലെ ലേലം മിനി ഓക്ഷനായിരിക്കും. എന്നാൽ 2028ലെ മെഗാ ഓക്ഷൻ വീണ്ടും വിദേശത്ത് നടത്താനുള്ള സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
താരലേലത്തിനായി ടീമുകളെയും പ്രതിനിധി സംഘങ്ങളെയും വിദേശത്തേക്ക് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഫ്രാഞ്ചൈസികൾ ചൂണ്ടിക്കാട്ടിയിരുന്നു. താരതമ്യേന ചെറിയ മിനി ഓക്ഷനുവേണ്ടി ഇത്രയും വലിയ സംഘത്തെ വിദേശത്തേക്ക് എത്തിക്കുന്നത് ബുദ്ധിമുട്ടാണെന്ന ഫ്രാഞ്ചൈസികളുടെ അഭിപ്രായം ബിസിസിഐ പരിഗണിച്ചതോടെയാണ് ലേലം ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചത്.
2023ൽ കൊച്ചിയിലായിരുന്നു അവസാനമായി ഐപിഎൽ താരലേലം ഇന്ത്യയിൽ നടന്നത്. പിന്നീട് ദുബായ്, ജിദ്ദ, അബുദാബി എന്നിവിടങ്ങളിലായിരുന്നു ലേലം സംഘടിപ്പിച്ചത്. 2027ലെ ലേലത്തിനുള്ള വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ഇന്ത്യയിലെ വിവാഹ സീസണാണ് ബിസിസിഐക്ക് പ്രധാന വെല്ലുവിളിയാകുന്നത്. ഫ്രാഞ്ചൈസികളുടെ പ്രതിനിധി സംഘങ്ങൾക്കായി രണ്ട് രാത്രിയിലേക്ക് നൂറിലധികം മുറികൾ ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടുകൾ.
അതിനാൽ സാധ്യതയുള്ള നഗരങ്ങളിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ ലഭ്യത വേദി തിരഞ്ഞെടുക്കുന്നതിൽ നിർണായകമാകും. വിവാഹ സീസണിൽ വലിയ ഹോട്ടലുകളിലെ മുറികൾക്ക് ആവശ്യകത ഉയരുന്നതിനാൽ അനുയോജ്യമായ വേദി കണ്ടെത്തുന്നത് എളുപ്പമല്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ.
ഇന്ത്യയിൽ തന്നെ ലേലം നടത്താനാണ് ബിസിസിഐയുടെ താൽപര്യമെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ വ്യക്തമാക്കി. എന്നാൽ വിവാഹ സീസണിലെ തിരക്ക് കാരണം ഇതുവരെ അനുയോജ്യമായ വേദി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 18ന് നടക്കുന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിൽ അരുൺ ധുമാൽ ഐപിഎൽ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഐപിഎല്ലിലെ ഇംപാക്ട് പ്ലെയർ നിയമത്തിന്റെ ഭാവിയും ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ചർച്ചയായി. എന്നാൽ നിയമം തുടരണമോ ഒഴിവാക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയില്ല. ഏകദേശം ഒരു മാസത്തിനകം വീണ്ടും യോഗം ചേർന്ന് വിഷയം പരിഗണിക്കാനാണ് തീരുമാനം.
ഭൂരിഭാഗം ഫ്രാഞ്ചൈസികളും ഇംപാക്ട് പ്ലെയർ നിയമം തുടരുന്നതിനോട് എതിർപ്പുള്ളതായാണ് വിവരം. എന്നാൽ ചില ടീമുകൾ നിയമം ഒരു സീസൺ കൂടി തുടരണമെന്ന നിലപാടിലാണ്. നിലവിലെ നിയമം പരിഗണിച്ചാണ് തങ്ങൾ ടീമുകളെ രൂപീകരിച്ചതെന്നും അതിനാൽ നിയമം അടുത്ത വർഷം വരെ തുടരാമെന്നുമാണ് ഇവരുടെ വാദം. ഇംപാക്ട് പ്ലെയർ നിയമത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിൽനിന്നും അഭിപ്രായം തേടുമെന്ന് അരുൺ ധുമാൽ വ്യക്തമാക്കി.