ന്യൂഡൽഹി: റഷ്യയിൽനിന്നുള്ള എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് കടുത്ത തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന ഉപരോധ ബിൽ യുഎസ് കോൺഗ്രസ് പാസാക്കിയതിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യ. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജസുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണനയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രസ്തുത ബിൽ യുഎസ് പ്രതിനിധിസഭ ബുധനാഴ്ചയാണ് പാസാക്കിയത്. നേരത്തെ സെനറ്റും ബിൽ പാസാക്കിയിരുന്നു. ഇനി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിഗണനയിലേക്കാണ് ബിൽ പോകുന്നത്.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ
റഷ്യൻ എണ്ണയും വാതകവും വലിയ തോതിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ അധിക തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. റഷ്യയുടെ ഊർജ, പ്രതിരോധ മേഖലകൾക്കും ഉപരോധം മറികടക്കാൻ സഹായിക്കുന്ന സ്ഥാപനങ്ങൾക്കും കപ്പലുകൾക്കും ബിൽ ലക്ഷ്യമിടുന്നു. ഇന്ത്യയും ചൈനയും പ്രധാന റഷ്യൻ ഊർജ ഇറക്കുമതിക്കാരായതിനാൽ പുതിയ നിയമം ഇന്ത്യയെയും ബാധിക്കാനുള്ള സാധ്യതയുണ്ട്.
‘വൈവിധ്യമാർന്ന സ്രോതസുകളിൽനിന്ന് ഊർജം’
അമേരിക്കൻ കോൺഗ്രസ് ബിൽ പാസാക്കിയ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തുടർനീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ ഊർജസുരക്ഷ ഉറപ്പാക്കാൻ വിവിധ സ്രോതസുകളിൽനിന്ന് ഊർജം ലഭ്യമാക്കുന്ന നയമാണ് ഇന്ത്യ പിന്തുടരുന്നതെന്നും വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനങ്ങളെന്നും മന്ത്രാലയം വ്യക്തമാക്കി.
ബില്ലിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കൻ ഉദ്യോഗസ്ഥരുമായി ഉന്നതതല ചർച്ചകൾ നടത്തിയതായും ഇന്ത്യ അറിയിച്ചു. ഉഭയകക്ഷി ബന്ധത്തിനും ആഗോള ഊർജ വിപണിക്കും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ അമേരിക്കൻ ഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. പുതിയ സാഹചര്യത്തിൽ ഇന്ത്യൻ വ്യാപാര, വ്യവസായ മേഖലകളുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.