അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിന് 14 ദിവസത്തെ റിമാന്‍ഡ്

Published by
ജനം വെബ്‌ഡെസ്ക്

വയനാട്: അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റും. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ കോടതി വെള്ളിയാഴ്ച വിധി പറയും. കോടതിയുടെ സമയപരിധി കഴിഞ്ഞും വാദപ്രതിവാദങ്ങള്‍ നീണ്ടതിനെ തുടര്‍ന്നാണ് റിമാന്‍ഡ് നടപടിയിലേക്ക് കടന്നത്. മദ്യം പിടികൂടിയ വീട് ആന്റോ അഗസ്റ്റിന്റെ പേരിലല്ലെന്നും മറ്റൊരു സ്ത്രീയുടെ പേരിലാണെന്നും ഉള്‍പ്പെടെയുള്ള വാദങ്ങളാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്.

എന്നാല്‍ വലിയ തോതില്‍ മദ്യം പിടികൂടിയ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി റിമാന്‍ഡ് അനുവദിച്ചത്. മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എസ്ഐടി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വന്‍ മദ്യശേഖരം കണ്ടെത്തിയത്. കേസില്‍ ആന്റോ അഗസ്റ്റിന്‍ മാത്രമാണ് പ്രതി. വ്യാഴാഴ്ച പുലര്‍ച്ചെ കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഓഫീസില്‍ നിന്നാണ് ആന്റോ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് വയനാട്ടിലെത്തിച്ച് നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ എക്‌സൈസ് എസ്ഐടിയും രൂപീകരിച്ചിട്ടുണ്ട്. കേസ് ഗൗരവമേറിയതാണെന്നും പിടിച്ചെടുത്ത മദ്യശേഖരത്തില്‍ വ്യാജമദ്യവും ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ വൈ. ഷിബു അറിയിച്ചത്. നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് എക്‌സൈസ് മന്ത്രി എം. ലിജുവും വ്യക്തമാക്കി.

Share