ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എക്സൈസ് ശ്രമം

Published by
ജനം വെബ്‌ഡെസ്ക്

കൽപ്പറ്റ: വീട്ടിൽ അനുവദനീയമായതിലും അധികം മദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. നിലവിൽ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ആന്റോ അഗസ്റ്റിൻ.

ആന്റോയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എക്സൈസിന്റെ ശ്രമം. ഇതിനായി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിനും ചോദ്യം ചെയ്യൽ ആവശ്യമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.

67 ലിറ്റർ മദ്യം പിടിച്ചെടുത്തു
വയനാട് മൂട്ടിൽ വാഴവറ്റയിലെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ മദ്യശേഖരം കണ്ടെത്തിയത്. ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയ്‌ക്കിടെയായിരുന്നു മദ്യശേഖരം കണ്ടെത്തിയത്.

138 കുപ്പികളിലായി ഏകദേശം 67 ലിറ്റർ മദ്യമാണ് കണ്ടെത്തിയട്ടത്. വിദേശനിർമിത മദ്യം, വൈൻ, പ്രതിരോധ സേനയുടെ കാന്റീനിൽനിന്നുള്ള മദ്യം, മറ്റ് മദ്യപാനീയങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

12.75 ലിറ്റർ ദ്രാവകം സംശയത്തിൽ
പിടിച്ചെടുത്തവയിൽ 12.75 ലിറ്റർ ദ്രാവകം വ്യാജമദ്യമാണെന്ന് സംശയിക്കുന്നതായി എക്സൈസ് കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ സ്വഭാവം ശാസ്ത്രീയ പരിശോധനയ്‌ക്ക് ശേഷമേ അന്തിമമായി സ്ഥിരീകരിക്കാനാകൂ. സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം കണ്ടെത്തുകയാണ് അന്വേഷണത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ പങ്കാളിത്തമുണ്ടോയെന്നും എക്സൈസ് പരിശോധിക്കുന്നുണ്ട്.

ജാമ്യം നൽകിയാൽ തെളിവുകൾ സ്വാധീനിക്കും
കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ, ആന്റോയ്‌ക്ക് സമൂഹത്തിൽ സ്വാധീനമുള്ള ബന്ധങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ഒളിവിൽ പോകാനോ സാധ്യതയുണ്ടെന്നുമാണ് എക്സൈസ് ചൂണ്ടിക്കാട്ടിയത്. കേസിൽ രഹസ്യസ്വഭാവമുള്ള അന്വേഷണം ആവശ്യമാണെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.

വീട്ടിന്റെ ഉടമസ്ഥതയിലും വാദപ്രതിവാദം
മദ്യം കണ്ടെത്തിയ വീട് തന്റെ പേരിലുള്ളതല്ലെന്നായിരുന്നു ആന്റോയുടെ ഭാഗത്തുനിന്നുള്ള വാദം. എന്നാൽ മൂട്ടിൽ പഞ്ചായത്തിൽനിന്നുള്ള രേഖകൾ പ്രകാരം വീട് ആന്റോയുടെ ഉടമസ്ഥതയിലാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 2025 വരെ ആന്റോ നികുതി അടച്ചതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കിയതായി റിപ്പോർട്ടുണ്ട്.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്
കേരള അബ്കാരി നിയമത്തിലെ 55(എ), 55(ഐ), 58 എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ആന്റോയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയ ആന്റോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു.

മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ അന്വേഷണത്തിനിടെയാണ് ആന്റോയുടെ വീട്ടിൽ മദ്യശേഖരം കണ്ടെത്തിയത്. അതിനാൽ മദ്യക്കേസിനൊപ്പം ആ അന്വേഷണത്തിലെ സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ തെളിവുകളും പരിശോധിക്കുന്ന നടപടികൾ തുടരുകയാണ്.

Share