ന്യൂഡൽഹി: സിനിമാ സർട്ടിഫിക്കേഷൻ നടപടികൾക്കായി പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. 1991 ഡിസംബറിൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്ക് പകരമായാണ് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ലഹരി ഉപയോഗവും കടത്തും ചിത്രീകരിക്കുന്ന രംഗങ്ങൾക്ക് നിർബന്ധിത മുന്നറിയിപ്പ് നൽകണമെന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്.
ലഹരി രംഗങ്ങളിൽ മുന്നറിയിപ്പ് നിർബന്ധം
മയക്കുമരുന്നുകളുടെയോ സൈക്കോട്രോപിക് വസ്തുക്കളുടെയോ ഉപയോഗം, ഉപഭോഗം, കടത്ത് എന്നിവ ചിത്രീകരിക്കുന്ന രംഗങ്ങളിൽ ഇനി നിശ്ചിത മുന്നറിയിപ്പ് നൽകണം. “Illicit Narcotics Destroy Health and Guarantees Imprisonment, Say No to Drugs.” എന്ന മുന്നറിയിപ്പാണ് പ്രദർശിപ്പിക്കേണ്ടത്.
ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയോ ന്യായീകരിക്കുകയോ മഹത്വവൽക്കരിക്കുകയോ ചെയ്യുന്ന തരത്തിലുള്ള ചിത്രീകരണങ്ങൾ ഒഴിവാക്കണമെന്ന നിലവിലെ വ്യവസ്ഥകളും പുതിയ മാർഗനിർദേശങ്ങളിൽ തുടരുന്നു.
UA 7+, UA 13+, UA 16+ എന്താണ്?
സിനിമകളുടെ പ്രായാധിഷ്ഠിത സർട്ടിഫിക്കേഷൻ വിഭാഗങ്ങളായ UA 7+, UA 13+, UA 16+ എന്നിവയും പുതിയ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2024ലെ Cinematograph (Certification) Rules വഴിയാണ് ഇവ സർട്ടിഫിക്കേഷൻ സംവിധാനത്തിൽ ഉൾപ്പെടുത്തിയത്. പിന്നീട് 2025ലെ ഭേദഗതിയിലൂടെ മാർഗനിർദേശങ്ങളിലും ഉൾപ്പെടുത്തി. കുറ്റകൃത്യങ്ങളുടെ രീതികളും അവ നടപ്പാക്കുന്നതിനുള്ള മാർഗങ്ങളും പ്രേക്ഷകരെ കുറ്റകൃത്യങ്ങളിലേക്ക് പ്രേരിപ്പിക്കുന്ന തരത്തിൽ ചിത്രീകരിക്കരുതെന്നും വ്യവസ്ഥയുണ്ട്. മദ്യപാനം, പുകയില ഉപയോഗം, ലഹരി ആസക്തി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതോ മഹത്വവൽക്കരിക്കുന്നതോ ആയ ചിത്രീകരണങ്ങൾക്കും നിയന്ത്രണമുണ്ട്.
നിലവിലെ വിഭാഗങ്ങൾ:
അക്രമത്തിന്റെ ഇരകളായോ അക്രമം നടത്തുന്നവരായോ അക്രമത്തിന് നിർബന്ധിത സാക്ഷികളായോ കുട്ടികളെ അനാവശ്യമായി ചിത്രീകരിക്കുന്നത് ഒഴിവാക്കണം. കുട്ടികൾക്കെതിരായ ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം അനാവശ്യമായി പ്രദർശിപ്പിക്കരുതെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു. ഭിന്നശേഷിക്കാരെ അധിക്ഷേപിക്കുന്നതോ പരിഹസിക്കുന്നതോ ആയ രംഗങ്ങൾ, മൃഗങ്ങളോടുള്ള ക്രൂരത എന്നിവയും അനാവശ്യമായി ചിത്രീകരിക്കരുത്.
ലൈംഗികാതിക്രമ രംഗങ്ങൾക്കും നിയന്ത്രണം
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, ബലാത്സംഗം, പീഡനം തുടങ്ങിയ രംഗങ്ങൾ ഒഴിവാക്കണമെന്നാണ് നിർദേശം. കഥയുടെ ഭാഗമായതിനാൽ ഇത്തരം രംഗങ്ങൾ ഉൾപ്പെടുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ അവ പരമാവധി ചുരുക്കണമെന്നും വിശദാംശങ്ങൾ ഒഴിവാക്കണമെന്നും മാർഗനിർദേശങ്ങൾ പറയുന്നു.
മതം, വംശം തുടങ്ങിയ വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന ഉള്ളടക്കത്തിനും നിയന്ത്രണമുണ്ട്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം, രാജ്യസുരക്ഷയെയോ പൊതുസമാധാനത്തെയോ ബാധിക്കുന്ന ഉള്ളടക്കം എന്നിവയും സർട്ടിഫിക്കേഷൻ സമയത്ത് പരിഗണിക്കും.
ഒരു സിനിമയിലെ ഓരോ രംഗവും ഒറ്റപ്പെട്ട നിലയിൽ മാത്രം വിലയിരുത്തുന്നതിന് പകരം സിനിമയെ മൊത്തത്തിൽ പരിഗണിച്ചാണ് സർട്ടിഫിക്കേഷൻ നടത്തേണ്ടത്. സിനിമയുടെ പശ്ചാത്തലം, ചിത്രീകരിക്കുന്ന കാലഘട്ടം, നിലവിലെ സാമൂഹിക മാനദണ്ഡങ്ങൾ എന്നിവയും പരിഗണിക്കാനാകും.
സിനിമാ പ്രവർത്തകർ ശ്രദ്ധിക്കേണ്ടത്
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം സിനിമാ സർട്ടിഫിക്കേഷനായി അപേക്ഷിക്കുന്നതിന് മുമ്പ് സംവിധായകരും നിർമാതാക്കളും പുതുക്കിയ ചട്ടക്കൂട് വിശദമായി മനസിലാക്കണമെന്ന് CBFC ചെയർമാൻ ശശി ശേഖർ വെമ്പട്ടി ആവശ്യപ്പെട്ടു.
35 വർഷത്തോളം പഴക്കമുള്ള മുൻ മാർഗനിർദേശങ്ങൾക്ക് പകരമാണ് പുതിയ ചട്ടക്കൂട്. നിലവിലുണ്ടായിരുന്ന നിരവധി വ്യവസ്ഥകൾ നിലനിർത്തിക്കൊണ്ടാണ് ലഹരി രംഗങ്ങൾക്ക് പ്രത്യേക സ്റ്റാറ്റ്യൂട്ടറി മുന്നറിയിപ്പ് ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.