കൊച്ചി: മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും ചിരിയും പ്രണയവും സംഗീതവും നിറച്ചുനിൽക്കുന്ന ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്. പ്രിയദർശൻ സംവിധാനം ചെയ്ത ജനപ്രിയ ചിത്രം 4K റീമാസ്റ്റർ ചെയ്ത പതിപ്പിൽ ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തും.
മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയമായ കോമഡി-റൊമാന്റിക് ചിത്രങ്ങളിലൊന്നായ ‘തേന്മാവിൻ കൊമ്പത്ത്’ പ്രേക്ഷകർ ആവർത്തിച്ച് കണ്ട് ആസ്വദിച്ച ചിത്രമാണ്. മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ എന്നിവർ ചേർന്നൊരുക്കിയ അഭിനയ മുഹൂർത്തങ്ങളും ചിത്രത്തിലെ നർമ്മരംഗങ്ങളും ഇന്നും പ്രേക്ഷകരുടെ ഓർമയിൽ സജീവമാണ്.
മോഹൻലാൽ–ശോഭന കൂട്ടുകെട്ടിന്റെ രസകരമായ പ്രണയവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. നായകനും നായികയും തമ്മിലുള്ള പ്രണയവും തമാശയും നിറഞ്ഞ രംഗങ്ങൾ വർഷങ്ങൾക്കിപ്പുറവും പുതുതലമുറയ്‌ക്കും കൗതുകം പകരുന്നതാണ്.
അതേസമയം, ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്റെ ‘ടാസ്‌കി വിളി’ മലയാള സിനിമയിലെ തന്നെ ശ്രദ്ധേയമായ കോമഡി മുഹൂർത്തമായി മാറിയിരുന്നു. ഇന്നും സോഷ്യൽ മീഡിയയിലും സിനിമാ ചർച്ചകളിലും ആ രംഗങ്ങളും സംഭാഷണങ്ങളും നിറഞ്ഞുനിൽക്കുന്നു.
ഇപ്പോൾ ആ പഴയ ഓർമകൾക്ക് പുതിയ ദൃശ്യഭംഗി നൽകിയാണ് ചിത്രം വീണ്ടും എത്തുന്നത്. ആധുനിക സാങ്കേതിക മികവോടെ 4K റീമാസ്റ്റർ ചെയ്ത പതിപ്പാണ് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുക. പ്രസിദ്ധി ക്രിയേഷൻസ് & സൂര്യാസിനി ആർട്സിന്റെ ബാനറിൽ എൻ. ഗോപാലകൃഷ്ണനും മുകേഷ് ആർ. മേത്തയും ചേർന്ന് നിർമ്മിച്ച ചിത്രം 4K റീമാസ്റ്റർ ചെയ്ത് പ്രദർശനത്തിനെത്തിക്കുന്നത് മാറ്റിനി നൗ ആണ്.
മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കുതിരവട്ടം പപ്പു എന്നിവർക്കൊപ്പം ശങ്കരാടി, ശരത് സക്സേന, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, ഗീതാ വിജയൻ, നന്ദു, കെ.ആർ. വത്സല, ഖദീജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ സംഗീതത്തിനും വലിയ ജനപ്രീതിയാണ് ലഭിച്ചത്. ബേണി–ഇഗ്നേഷ്യസ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയത് ഗിരീഷ് പുത്തഞ്ചേരിയാണ്. എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.
സാങ്കേതിക വിഭാഗത്തിലും മലയാള സിനിമയിലെ ശ്രദ്ധേയരായ പ്രതിഭകളാണ് ചിത്രത്തിനൊപ്പം പ്രവർത്തിച്ചത്. ഛായാഗ്രഹണം കെ.വി. ആനന്ദ്, എഡിറ്റിംഗ് എൻ. ഗോപാലകൃഷ്ണൻ, കലാസംവിധാനം സാബു സിറിൾ എന്നിവരാണ് നിർവഹിച്ചത്. പ്രൊഡക്ഷൻ കൺട്രോളർ സച്ചിദാനന്ദൻ. PRO: വാഴൂർ ജോസ്.
മോഹൻലാൽ–ശോഭന പ്രണയം, നെടുമുടി വേണു–ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ നർമ്മം, കുതിരവട്ടം പപ്പുവിന്റെ അവിസ്മരണീയ സംഭാഷണങ്ങൾ, ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ—മലയാളികളുടെ സിനിമാ ഓർമകളിൽ പതിഞ്ഞ ഈ അനുഭവങ്ങളെല്ലാം പുതിയ 4K ദൃശ്യ മികവിൽ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് ഒക്ടോബർ ഒന്നിന് ലഭിക്കുക.















