വട്ടവട: ഇടുക്കി വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊട്ടക്കമ്പൂര്‍ അമ്മന്‍ കോവിലിന് സമീപമാണ് അപകടമുണ്ടായത്. ചിന്നമ്മ, ബാലചന്ദ്രന്‍ എന്നിവരാണ് മരിച്ചത്. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന മൂന്നുപേരും ശക്തമായ മഴയെ തുടര്‍ന്ന് ഷെഡിലേക്ക് മാറിയിരുന്നു. ഇതിനിടെയാണ് സമീപത്തെ മണ്ണിടിഞ്ഞ് ഷെഡിന് മുകളിലേക്ക് പതിച്ചത്. മണ്ണിനടിയില്‍പ്പെട്ട മൂന്നുപേരെയും നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് പുറത്തെടുത്തത്.
ബാലചന്ദ്രനും ചിന്നമ്മയും സഹോദരങ്ങളാണ്. ബാലചന്ദ്രന്റെ ഭാര്യയായ മാരിയമ്മയ്‌ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വട്ടവട മേഖലയില്‍ ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണമായത്. അതിനിടെ, നീലക്കുറിഞ്ഞി പൂത്തതും ഗണേശോത്സവവും കാരണം വട്ടവടയിലേക്കുള്ള റോഡില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിനായി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി ഇടുക്കി ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് പറഞ്ഞു. വിദൂര മേഖലകളിലെ റോഡ് ശൃംഖല, ആശയവിനിമയ സംവിധാനം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.