കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

Published by
ജനം വെബ്‌ഡെസ്ക്

കോട്ടയം/ഇടുക്കി: കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ തീവ്രമഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കിഴക്കന്‍ കോട്ടയത്തും ഇടുക്കിയിലും മഴ ശക്തമായതോടെ പലയിടത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ തീക്കോയി, തലനാട്, വാഗമണ്‍ മേഖലകളിലാണ് ശക്തമായ മഴ ലഭിക്കുന്നത്. മഴ തുടരുന്നതിനിടെ മീനച്ചിലാറ്റിലെ ജലനിരപ്പും ഉയരുകയാണ്.

തീക്കോയി-വാഗമണ്‍ റോഡില്‍ കാരികാട് ടോപ്പിന് സമീപം മണ്ണിടിഞ്ഞ് രണ്ട് കാറുകള്‍ക്ക് മുകളിലേക്ക് വീണു. വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഗമണ്‍-ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം തടസപ്പെട്ടു. വനമേഖലയിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് പരിശോധന തുടരുകയാണ്.

Share