ന്യൂഡല്‍ഹി: സമീപകാലത്തുണ്ടായ നിരവധി പ്രകൃതിദുരന്തങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കാന്‍ ശക്തമായ നടപടികള്‍ അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. കാലാവസ്ഥാ അപകടസാധ്യത വളരെ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങിയെന്ന മുന്നറിയിപ്പാണ് ആഗോള ശാസ്ത്രസമൂഹം നല്‍കുന്നതെന്നും രാഷ്‌ട്രപതി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ‘ഫ്യൂച്ചര്‍ ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ഡൈനാമിക്‌സ്’ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനും അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനും പ്രാദേശിക, മേഖലാതല, ആഗോള തലങ്ങളില്‍ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യസുരക്ഷ, ആരോഗ്യം, ഉപജീവനം എന്നിവയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ജൈവവൈവിധ്യ നഷ്ടം, ജലക്ഷാമം, ഭൂമി നശീകരണം തുടങ്ങിയവ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥയുടെ ഉദാഹരണങ്ങളാണെന്നും രാഷ്‌ട്രപതി പറഞ്ഞു. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ പ്രാദേശിക സമൂഹങ്ങള്‍ക്ക് ‘ഫാം പോഡുകള്‍’ പോലുള്ള സംവിധാനങ്ങള്‍ പ്രയോജനകരമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം സങ്കീര്‍ണമായ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കൃത്യമായ നയങ്ങളും പ്രവര്‍ത്തനപദ്ധതികളും ഉള്‍പ്പെടുന്ന ചട്ടക്കൂട് അനിവാര്യമാണ്. സര്‍ക്കാരുകളും നിയമവിദഗ്ധരും മാത്രമല്ല, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നേരിട്ട് അനുഭവിക്കുന്ന സമൂഹങ്ങള്‍ക്കും ഇത്തരം നടപടികളില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഗ്രാമീണ ജനത, വനവാസി സമൂഹങ്ങള്‍, ചെറുകിട കര്‍ഷകര്‍, സ്ത്രീകള്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ ആവശ്യങ്ങളോട് പ്രത്യേക പരിഗണന വേണം. പ്രകൃതിദുരന്തങ്ങളുടെ ഏറ്റവും വലിയ ആഘാതം പലപ്പോഴും ഇത്തരം വിഭാഗങ്ങളാണ് നേരിടുന്നതെന്നും രാഷ്‌ട്രപതി വ്യക്തമാക്കി. പ്രാദേശിക സമൂഹങ്ങളുടെ പരമ്പരാഗത അറിവുകളും ജീവിതാനുഭവങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമാണെന്നും മുര്‍മു പറഞ്ഞു. പരമ്പരാഗത അറിവില്‍ അധിഷ്ഠിതവും ജനകേന്ദ്രീകൃതവും സമൂഹാധിഷ്ഠിതവുമായ സമീപനങ്ങളിലൂടെ കാലാവസ്ഥാ പ്രതിരോധശേഷി ശക്തിപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.