കേരളത്തില്‍ മഴക്കെടുതി രൂക്ഷം; മരണം ഒന്‍പതായി, നിലമ്പൂരില്‍ മലവെള്ളപ്പാച്ചിലില്‍ അഞ്ച് മരണം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ ദുരന്തങ്ങളില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. മലപ്പുറം നിലമ്പൂരില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറ് പേരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മണിക്കൂറുകള്‍ ഇടവിട്ട് വിലയിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലമ്പൂര്‍ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായവരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലില്‍ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഒരു സ്ത്രീയെ കൂടി കണ്ടെത്താനുണ്ട്. കൂടുതല്‍ പേര്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.

കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശികളായ റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മങ്ങാടന്‍ ബസ് ഉടമ കോട്ടക്കല്‍ മങ്ങാടന്‍ ഹമീദിന്റെ മകന്‍ അനസ് (31), തിരൂര്‍ സ്വദേശി മുഹമ്മദ് കുട്ടി (63) എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ടി.കെ. നഗര്‍ വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിതയെയാണ് കാണാതായത്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരുന്നതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

രാത്രി സമയങ്ങളില്‍ മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താലൂക്ക് അടിസ്ഥാനത്തിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. പോലീസ്, അഗ്‌നിരക്ഷാസേന, റവന്യൂ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കടല്‍ക്ഷോഭത്തിനും പ്രതികൂല കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കി. ആവശ്യമെങ്കില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘങ്ങളെ സംസ്ഥാനത്ത് എത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനാല്‍ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാന്‍ കെ.എസ്.ഇ.ബിക്കും ജലസേചന വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share