മുംബൈ: വയോധികയുടെ വീട്ടിൽ നിന്ന് സ്വർണമാല കവർന്ന കേസിൽ നടൻ അറസ്റ്റിൽ. സാന്താക്രൂസ് ഈസ്റ്റിൽ താമസിക്കുന്ന ആശിഷ് അട്ടാർചന്ദ് ശർമയെയാണ് പൊലീസ് പിടികൂടിയത്. മോഷ്ടിച്ച സ്വർണമാല നടനിൽ നിന്നും പൊലീസ് കണ്ടെടുത്തു.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയോധികയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വകോള പൊലീസ് അന്വേഷണം നടത്തിയത്. പ്രദേശത്ത് സിസിടിവി ക്യാമറകളോ സംഭവത്തിന് നേരിട്ട് സാക്ഷികളോ ഉണ്ടായിരുന്നില്ല. ഇതോടെ പ്രതിയെ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയായി.
തുടർന്ന് സമീപത്തെ റോഡുകളിലും ഇടവഴികളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. മോഷണം നടന്ന സമയത്ത് പ്രദേശത്ത് വേഷംമാറി സഞ്ചരിച്ച ഒരാളുടെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. വ്യക്തമായ ചിത്രം ലഭിച്ചതോടെയാണ് ആശിഷ് അട്ടാർചന്ദ് ശർമയുടെ അറസ്റ്റിന് വഴിയൊരുങ്ങിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് മോഷണം എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ഭോജ്പുരി സിനിമകളിൽ ചെറിയ വേഷങ്ങളിൽ ആശിഷ് അട്ടാർചന്ദ് അഭിനയിച്ചിട്ടുണ്ട്.. കേസിൽ അന്വേഷണം തുടരുകയാണ്. മോഷ്ടിച്ച സ്വർണമാല കണ്ടെത്തിയത് അന്വേഷണത്തിലെ നിർണായക തെളിവായാണ് പൊലീസ് കണക്കാക്കുന്നത്.