കാസർഗോഡ്: സർക്കാരിനും മുഖ്യമന്ത്രിക്കും പിന്നിൽ ചില ‘അവതാരങ്ങളുണ്ടെന്നും ഇവർ ആരാണെന്ന് അറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നും’ ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. മന്ത്രിമാർക്ക് ഉൾപ്പെടെ സ്പോൺസർമാർ ഉണ്ടാകുന്ന സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ വാഹന സൗകര്യമുണ്ടായിരിക്കെ കോടികൾ വിലമതിക്കുന്ന സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിലും മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തതിലും സുരേന്ദ്രൻ ചോദ്യമുയർത്തി. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്റെ ചെലവ് ഒരു സ്പോൺസർ വഹിച്ചതായി സർക്കാർ വൃത്തങ്ങൾ വിശദീകരിച്ച സാഹചര്യത്തിലാണ് സ്പോൺസർ ആരാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യം ഉയരുന്നത്.
വി.ഡി. സതീശന്റെ അജ്ഞാതരായ സ്പോൺസർമാർ ആരാണെന്ന് വെളിപ്പെടുത്തണമെന്നും പേര് പുറത്തുപറയാൻ കഴിയാത്തവരാണോ അവരെന്നും സുരേന്ദ്രൻ ചോദിച്ചു. ഇത്തരം സഹായങ്ങൾക്ക് പിന്നിൽ ‘ഉപകാരസ്മരണ’യുണ്ടോയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.
ശബരിമല മണ്ഡലകാല തീർഥാടനത്തിനുള്ള മുന്നൊരുക്കങ്ങളിൽ സർക്കാർ പരാജയപ്പെട്ടുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ദേവസ്വം മന്ത്രിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. മണ്ഡലകാലം ആരംഭിക്കാൻ ഏകദേശം 50 ദിവസം മാത്രം ശേഷിക്കെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
10 വർഷം ഭരണമില്ലാതിരുന്നതിന്റെ ‘ആർത്തിയിലാണ്’ യുഡിഎഫെന്നും മുൻ സർക്കാർ 10 വർഷം കൊണ്ട് ചെയ്ത കാര്യങ്ങൾ മൂന്ന് മാസം കൊണ്ട് ചെയ്യാനാണ് പുതിയ സർക്കാർ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഇഡി കേസുമായി ബന്ധപ്പെട്ട് സർക്കാർ നടപടിയെടുക്കുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കത്ത് ലഭിച്ച് 15 ദിവസം കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും നിയമോപദേശം ലഭിച്ചിട്ടും സർക്കാർ തീരുമാനം എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.