തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ മുൻ സ്റ്റാഫംഗങ്ങളുടെ മൊഴികൾ. വകുപ്പിലെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടും മന്ത്രി അത് പരിഗണിച്ചില്ലെന്നാണ് എസ്ഐടിക്ക് ലഭിച്ച മൊഴി.
മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജിആർ രമേശാണ് മന്ത്രിക്കെതിരെ മൊഴി നൽകിയവരിൽ ഒരാൾ. ടെൻഡർ നടപടികൾ പാലിക്കാതെ സ്പോൺസറെ നിയോഗിക്കരുതെന്ന് മന്ത്രിയെ അറിയിച്ചിരുന്നെങ്കിലും തീരുമാനം മാറ്റാൻ അദ്ദേഹം തയ്യാറായില്ലെന്നാണ് രമേശിന്റെ മൊഴി. വകുപ്പുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും മന്ത്രിയുടെ താൽപര്യപ്രകാരം തീരുമാനങ്ങളെടുത്തെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞു.
എയ്ഡഡ് കോളജിലെ അധ്യാപികയുടെ സേവനം മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ജോലികൾക്കായി ഉപയോഗിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് മറ്റൊരു മൊഴി. എന്നാൽ ഇക്കാര്യത്തിലും മന്ത്രി നടപടി സ്വീകരിച്ചില്ലെന്നാണ് രമേശ് വ്യക്തമാക്കിയത്. മന്ത്രിയുടെ സുഹൃത്താണെന്ന പരിചയത്തിന്റെ അടിസ്ഥാനത്തിൽ മെയിലുകൾ കൈകാര്യം ചെയ്യാൻ അനുമതി നൽകിയതായും മൊഴിയിലുണ്ട്.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലും നേരത്തെ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. സ്പോൺസറെ തിരഞ്ഞെടുക്കാനുള്ള തീരുമാനം മന്ത്രിയുടേതായിരുന്നുവെന്നാണ് സത്യപാലിന്റെ മൊഴി. ടെൻഡർ ഒഴിവാക്കി സ്പോൺസറെ നിയോഗിക്കുന്നതിലെ നിയമപ്രശ്നങ്ങൾ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും മന്ത്രി അത് അവഗണിച്ചെന്നാണ് സത്യപാലൻ അന്വേഷണ സംഘത്തോട് പറഞ്ഞത്. സ്പോൺസറുമായി ബന്ധപ്പെട്ട വ്യക്തിയുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അറിയിച്ചിരുന്നിട്ടും മന്ത്രി ഇക്കാര്യം പരിഗണിച്ചില്ലെന്നും സത്യപാലിന്റെ മൊഴിയിലുണ്ട്.
മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനുള്ള പരിപാടിയുടെ പേരിൽ സ്പോൺസർഷിപ്പും മറ്റ് ഇടപാടുകളും നടത്തിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്. മുൻ മന്ത്രിയുടെ സ്റ്റാഫംഗങ്ങളിൽ നിന്ന് ലഭിച്ച മൊഴികളും ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.