ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കുനാര്‍, പക്തിക പ്രവിശ്യകളില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. പരമാധികാരമുള്ള അയല്‍രാജ്യത്തിനെതിരായ ഇത്തരം ആക്രമണങ്ങള്‍ മേഖലയുടെ സമാധാനത്തിനും സുരക്ഷയ്‌ക്കും തിരിച്ചടിയാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന മാധ്യമസമ്മേളനത്തിലായിരുന്നു ജയ്‌സ്വാളിന്റെ പ്രതികരണം. ആക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ കുടുംബങ്ങള്‍ക്ക് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.
പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യം, പരമാധികാരം, ഭൂപ്രദേശിക അഖണ്ഡത, ജനങ്ങളുടെ ക്ഷേമം എന്നിവയ്‌ക്കുള്ള ഇന്ത്യയുടെ പിന്തുണ തുടരുമെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കി. പാകിസ്താന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഭീകരതയെ പരാജയപ്പെടുത്താന്‍ പാക് സായുധ സേന പ്രതിജ്ഞാബദ്ധമാണെന്ന് നടത്തിയ പ്രസ്താവനയിലും ഇന്ത്യ പ്രതികരിച്ചു. വാക്കുകള്‍ക്കപ്പുറം പ്രവര്‍ത്തിയിലൂടെയും ഉറച്ച പ്രതിബദ്ധതയിലൂടെയും പാകിസ്താന്‍ അത് തെളിയിക്കണമെന്ന് ജയ്‌സ്വാള്‍ പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ വിശ്വസനീയമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ പാകിസ്താന്റെ അവകാശവാദങ്ങള്‍ അന്താരാഷ്‌ട്ര സമൂഹം വിശ്വസിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സിന്ധു ജല ഉടമ്പടിയുമായി ബന്ധപ്പെട്ട ആര്‍ബിട്രേഷന്‍ നടപടികളിലും ഇന്ത്യ നിലപാട് വ്യക്തമാക്കി. പാകിസ്താന്‍ പ്രചരിപ്പിക്കുന്നതുപോലെ ഇത് സ്ഥിരം ആര്‍ബിട്രേഷന്‍ കോടതിയുടെ വിധിയല്ലെന്നും നിയമവിരുദ്ധമായി രൂപീകരിച്ച കോടതിയുടേതാണ് നടപടിയെന്നും ജയ്‌സ്വാള്‍ പറഞ്ഞു. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശുമായുള്ള ബന്ധത്തിലും ഇന്ത്യയുടെ നിലപാട് ജയ്‌സ്വാള്‍ വ്യക്തമാക്കി. ബംഗ്ലാദേശുമായി ക്രിയാത്മകവും മുന്നോട്ടുനോക്കുന്നതുമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഉഭയകക്ഷി വിഷയങ്ങളെല്ലാം നിലവിലുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ വഴി ചര്‍ച്ച ചെയ്യാന്‍ ന്യൂഡല്‍ഹി തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.















