കൊല്ലം: കടലിൽ കാണാതായ പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണയുടെ മൃതദേഹം കണ്ടെത്താനാകാത്തതിനെ തുടർന്ന് തടിയിൽ കൊത്തിയ രൂപം ദഹിപ്പിച്ചു. മകന്റെ മൃതദേഹം കണ്ടെത്താനാകാത്ത വേദനയിലാണ് അമ്മ രേഷ്മയ്‌ക്ക് മകന്റെ പ്രതീകമായി തടിയിൽ കൊത്തിയ രൂപം സംസ്കരിക്കേണ്ടിവന്നത്. തുടർന്നുള്ള ബലികർമ്മങ്ങളും ഇന്ന് വീട്ടിൽ .
മകന്റെ മൃതദേഹം കണ്ടെത്തണമെന്നാവശ്യപ്പെട്ട് രേഷ്മ നേരത്തെ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ കടുത്ത ഉദാസീനതയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. പിന്നീട് തെരച്ചിൽ നടത്തിയെങ്കിലും ഗൗതം കൃഷ്ണയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
മകന്റെ മൃതദേഹം ലഭിക്കാത്തതിനാലാണ് തടിയിൽ രൂപം കൊത്തി ദഹിപ്പിക്കേണ്ടിവന്നതെന്ന് രേഷ്മ പറഞ്ഞു. “ഒരു കുടുംബത്തിനും ഈ അവസ്ഥ വരരുത്. മുഖ്യമന്ത്രിയുൾപ്പെടെ എല്ലാവരും പല വാഗ്ദാനങ്ങളും നൽകിയിരുന്നു. എന്നാൽ മന്ത്രിസഭാ യോഗങ്ങൾ പലതും കഴിഞ്ഞിട്ടും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല,” രേഷ്മ പറഞ്ഞു.
മുൻപ് കടലിൽ വള്ളം തകർന്ന് മരിച്ച ഭർത്താവിന്റെയും പിതാവിന്റെയും മരണാനന്തര ആനുകൂല്യങ്ങളും പൂർണമായി ലഭിച്ചിട്ടില്ലെന്നും രേഷ്മ പറഞ്ഞു. മൈക്രോഫിനാൻസ് വായ്പയുടെ പലിശ ഉൾപ്പെടെ അടയ്‌ക്കേണ്ട സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്നും അവർ പറഞ്ഞു. സർക്കാർ അടിയന്തരമായി കുടുംബത്തെ സംരക്ഷിക്കണമെന്നും രേഷ്മ ആവശ്യപ്പെട്ടു. രേഷ്മയുടെ പിതാവിനെയും ഭർത്താവിനെയും സംസ്കരിച്ചതിന്റെ മധ്യത്തിലായാണ് ഗൗതം കൃഷ്ണയ്‌ക്ക് വേണ്ടി അമ്മ ചിതയൊരുക്കിയത്.