ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണബ്’ ചുഴലിക്കാറ്റ് ഇന്ന് രാത്രി കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ 23 വൈകിട്ട് അഞ്ച് മണിക്കും സെപ്റ്റംബർ 24 പുലർച്ചെ അഞ്ച് മണിക്കും ഇടയിൽ വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് കരയിലെത്തുമെന്നാണ് മുന്നറിയിപ്പ്. സെപ്റ്റംബർ 23ന് അർധരാത്രിക്ക് മുമ്പ് കരതൊടാനാണ് കൂടുതൽ സാധ്യത.
ബുധനാഴ്ച ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി തുടരുകയാണ്. വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിലുള്ള തീരമേഖലയിലായിരിക്കും കരതൊടൽ. ഇതിന്റെ പശ്ചാത്തലത്തിൽ ഒഡിഷയിലും ആന്ധ്രാപ്രദേശിലും അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ചുഴലിക്കാറ്റിന്റെ പ്രഭാവം ഒഡിഷ–ആന്ധ്ര തീരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങില്ലെന്നാണ് മുന്നറിയിപ്പ്. പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളിലും ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്. സെപ്റ്റംബർ 25 വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. പശ്ചിമ ബംഗാളിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
ബിഹാറിലും സെപ്റ്റംബർ 23 മുതൽ 28 വരെ കാലാവസ്ഥ മോശമാകാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്കും 26, 27 തീയതികളിൽ ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.
ആന്ധ്രയിൽ സ്കൂളുകൾക്ക് അവധി
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ശ്രീകാകുളം, വിജയനഗരം ജില്ലയിൽ ബുധനാഴ്ച സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു.
ഒഡിഷയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി
തീവ്രമഴയുടെ പശ്ചാത്തലത്തിൽ ഖുർദ, ജഗത്സിംഗ്പൂർ, ഗഞ്ചാം, ഗജപതി ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മൽക്കാൻഗിരിയിൽ സെപ്റ്റംബർ 24 വരെ സ്കൂളുകൾ അടച്ചിടും. അങ്കണവാടികൾക്കും ഇതേ നിയന്ത്രണമുണ്ട്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഗഞ്ചാം, കോരാപുട്ട്, കാളഹണ്ടി ജില്ലകളിൽ സർക്കാർ ജീവനക്കാരുടെ അവധിയും റദ്ദാക്കി.