ബെംഗളൂരു: കർണാടകയിൽ കുരങ്ങിന്റെ ആക്രമണത്തിൽ വീണ് പരിക്കേറ്റ 91കാരി മരിച്ചു. കൊപ്പാൾ ജില്ലയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. നജ്മുന്നിസ ബീഗം ആണ് മരിച്ചത്. വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കുരങ്ങ് ഇവരുടെ നേരെ ചാടിവീണത്. നിലത്തുവീണ നജ്മുന്നിസയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
വീട്ടിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് പുറത്തേക്ക് വന്നതായിരുന്നു നജ്മുന്നിസ. ഇതിനിടെ സമീപത്തുണ്ടായിരുന്ന കുരങ്ങ് പെട്ടെന്ന് ഇവരുടെ നേരെ ചാടുകയായിരുന്നു. കുരങ്ങ് ദേഹത്ത് ചാടിവീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട് വയോധിക നിലത്തുവീഴുകയായിരുന്നു. നജ്മുന്നിസയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല.
സംഭവം ശ്രദ്ധയിൽപ്പെട്ട് വീട്ടിലുണ്ടായിരുന്ന മറ്റൊരു വയോധികയും പുറത്തെത്തിയെങ്കിലും കുരങ്ങ് ഇവരെയും ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ സമീപവാസികൾ ഓടിയെത്തിയതോടെ കുരങ്ങ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
വീടിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. ശബ്ദം കേട്ട് നജ്മുന്നിസ വീടിന് പുറത്തേക്ക് വരുന്നതും പിന്നാലെ കുരങ്ങ് പെട്ടെന്ന് ചാടിയെത്തി നിലത്തേക്ക് വീഴ്‌ത്തുന്നതും ദൃശ്യങ്ങളിൽ കാണാം.