ന്യൂഡല്‍ഹി: മേഘാലയയില്‍ ബിജെപിക്ക് നിര്‍ണായക മുന്നേറ്റം. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യുഡിപി)യിലെ എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെയും ബിജെപി ദേശീയ വക്താവ് സാംബിത് പാത്രയുടെയും സാന്നിധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് എംഎല്‍എമാര്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. 2023ലെ മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ എട്ടുപേരും പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളില്‍ നിന്നാണ് വിജയിച്ചത്.
ലഖ്മെന്‍ റിംബുയി അമ്ലാരം, പിയൂസ് മാര്‍വീന്‍ റാണിക്കോര്‍, കിര്‍മെന്‍ ഷില്ല ക്ലിയഹ്രിയാത്ത്, മയ്രാല്‍ബോണ്‍ സ്യം നോങ്പോ, മാത്യു ബിയോണ്ട്സ്റ്റാര്‍ കുര്‍ബ മാവ്ഫ്‌ലാങ്, ഒല്ലാന്‍ സിങ് സു, വിന്‍ മാവ്‌സിന്റാം, ബലാജീദ് കുപാര്‍ സിന്രെം ഷെല്ല, സിന്‍ഷാര്‍ ലിങ്ദോ തബ സോഹിയോങ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നവര്‍. എട്ട് എംഎല്‍എമാര്‍ കൂടി എത്തിയതോടെ 60 അംഗ മേഘാലയ നിയമസഭയില്‍ ബിജെപിയുടെ അംഗബലം രണ്ടില്‍ നിന്ന് 10 ആയി.
നേരത്തെ പിന്ഥോറുംഖ്രയിലെ അലക്‌സാണ്ടര്‍ ലാലൂ ഹെക്കും സൗത്ത് ഷില്ലോങ്ങിലെ സന്‍ബോര്‍ ഷുള്ളായിയും ബിജെപി എംഎല്‍എമാരായിരുന്നു. അതേസമയം, എട്ട് എംഎല്‍എമാരുടെ കൂറുമാറ്റത്തോടെ യുഡിപിയുടെ അംഗബലം നാലായി കുറഞ്ഞു. നുജോര്‍കി സുംഗോ, പോള്‍ ലിങ്ദോ, മെത്ബ ലിങ്ദോ, റെനിക്ടണ്‍ ലിങ്ദോ ടോങ്ഖര്‍ എന്നിവരാണ് നിലവില്‍ ശേഷിക്കുന്ന എംഎല്‍എമാര്‍.
മേഘാലയയിലെ എട്ട് എംഎല്‍എമാരെയും ബിജെപി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കിരണ്‍ റിജിജു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മേഘാലയയിലും ഉണ്ടായ വികസനവും മാറ്റങ്ങളും എംഎല്‍എമാരെ സ്വാധീനിച്ചുവെന്നും റിജിജു വ്യക്തമാക്കി.